ദുബൈ: കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ എല്ലാ വിസകളും എന്‍ട്രി പെര്‍മിറ്റുകളും എമിറേറ്റ്‌സ് ഐഡി കാര്‍ഡുകളും 2020 അവസാനം വരെ സാധുവായിരിക്കുമെന്ന് യുഎഇ തിങ്കളാഴ്ച പ്രഖ്യാപിച്ചു. യുഎഇ വിസകള്‍, എന്‍ട്രി പെര്‍മിറ്റുകള്‍, രാജ്യത്തിനകത്തുള്ളവര്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ എന്നിവ ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെ സാധുതയുള്ളതാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വക്താവ് കേണല്‍ ഖാമിസ് അല്‍ കാബി പറഞ്ഞു. 2020 മാര്‍ച്ച് 1 ന് ശേഷം കാലഹരണപ്പെട്ട വിസകള്‍ക്കാണ് ഈ ഇളവ്. രാജ്യത്തിനകത്തോ പുറത്തോ ഉള്ള പ്രവാസികളുടെ റെസിഡന്‍സി വിസകളും വര്‍ഷാവസാനം വരെ സാധുവായി തുടരും. ഇതിനായി പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ അനുസരിച്ച് നാല് തരം പെര്‍മിറ്റുകള്‍ ഉണ്ട്. ടൂറിസം, സന്ദര്‍ശനം, യാത്രാമാര്‍ഗം, ജോലി എന്നീ നാല് തരം പെര്‍മിറ്റുകള്‍ക്ക് ഇത് ബാധകമായിരിക്കും. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായുള്ള ഞങ്ങളുടെ സമ്പൂര്‍ണ്ണ പ്രതിബദ്ധതയും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രഖ്യാപിച്ച ആശയവിനിമയ ചാനലുകളിലൂടെ അവരുടെ അന്വേഷണങ്ങള്‍ സ്വീകരിക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ സ്ഥിരീകരിക്കുന്നു-വക്താവ് പറഞ്ഞു. കാലാവധി കഴിഞ്ഞ വിസകളുടെ പിഴ ഈ വര്‍ഷാവസാനം വരെ ഒഴിവാക്കാന്‍ യുഎഇ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിമോട്ട് കാബിനറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്.