യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശകര്‍ക്ക് ആസ്റ്റര്‍ ഫാര്‍മസി  വാങ്ങിയ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കും

ആസ്റ്റര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സിഇഒ ജോബിലാല്‍ വാവച്ചന്‍

ദുബൈ: ജിസിസിയിലുടനീളമുള്ള ഏറ്റവും വലിയ സ്വകാര്യ, സംയോജിത ആരോഗ്യ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, കോവിഡ് 19 മഹാമാരി മൂലം യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന സന്ദര്‍ശകര്‍ക്ക് വാങ്ങിയ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു.
കോവിഡ് 19 സൃഷ്ടിച്ച സാഹചര്യങ്ങളെ തുടര്‍ന്ന് നിലവില്‍ യുഎഇയില്‍ ധാരാളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരില്‍ പലര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല. പ്രത്യേകിച്ചും, തുടര്‍ച്ചയായ മെഡിക്കല്‍ സഹായം ആവശ്യമുള്ള വിട്ടുമാറാത്ത അസുഖങ്ങളുളളവരെയും അതാവശ്യമായി മരുന്ന് ലഭ്യമാക്കേണ്ട ഗുരുതര രോഗങ്ങള്‍ അലട്ടുന്ന സന്ദര്‍ശക വിസയിലുളളവരെയും സംബന്ധിച്ചിടത്തോളം സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നതാണ്.
ഡോക്ടറുടെ കുറിപ്പടിയോടെ മരുന്നുകള്‍ ലഭിക്കാന്‍ പൗരന്മാരെ സഹായിക്കാനായി വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളില്‍ നിന്നും ആസ്റ്ററിന് നിരവധി അഭ്യര്‍ത്ഥനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അവയില്‍ പലതും സ്വകാര്യമായി വാങ്ങുമ്പോള്‍ വളരെയധികം ചെലവേറിയ മരുന്നുകളാണ്. ഇതേത്തുടര്‍ന്ന്, ലൈസന്‍സുള്ള ഒരു മെഡിക്കല്‍ പ്രാക്റ്റീഷണറുടെ കുറിപ്പടിക്ക് പുറമെ, സന്ദര്‍ശകര്‍ അവരുടെ വിസാ കോപ്പിയും ഐഡന്റിറ്റി തെളിയിക്കുന്ന രേഖയും കാണിക്കുന്ന പക്ഷം വാങ്ങിയ വിലയില്‍ തന്നെ ആസ്റ്റര്‍ ഫാര്‍മസി മരുന്നുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യുഎഇക്ക് പുറത്തുള്ള ഡോക്ടര്‍മാരുടെ കുറിപ്പടിയിലുളള മരുന്നുകളാണെങ്കില്‍, അവക്ക് ബദല്‍ മരുന്നുകള്‍, വാങ്ങിയ വില മാത്രം ഈടാക്കി നല്‍കും.
ഈ സംരംഭത്തിന്റെ ഭാഗമായി (യുഎഇയില്‍ നിയമപരമായി അനുവദനീയമായ) എല്ലാ കുറിപ്പടി മരുന്നുകളും വാങ്ങാന്‍ സാധിക്കും. നിയന്ത്രിത മരുന്നുകള്‍ക്ക് യുഎഇയിലെ ഡോക്ടറുടെ കുറിപ്പ് ആവശ്യമാണ്. ആദ്യ പടിയായി ജനറിക് മരുന്നുകളായിരിക്കും ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം ലഭ്യമാക്കുക. പ്രത്യേക സാഹചര്യങ്ങളില്‍ ഗുരുതരാവസ്ഥിലുളള സന്ദര്‍ശകര്‍ക്ക് ചികിത്സയുടെ തെളിവ് ഹാജരാക്കാനുള്ള കുറിപ്പടി ഇല്ലാതെയും, അവരുടെ മരുന്നുകളുടെ റീഫില്‍ വാങ്ങാന്‍ അനുവദിക്കാം. ഉദാഹരണത്തിന്, പഴയ കുറിപ്പടികള്‍, മരുന്നുകളുടെ പായ്ക്കറ്റുകള്‍ മുതലായവ കാണിച്ചാല്‍ മതിയാകും. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കില്ല. മരുന്നുകള്‍ വാങ്ങുന്നതിന് രോഗികള്‍ യുഎഇയിലെ ആസ്റ്ററിന്റെ ഏതെങ്കിലും ഫാര്‍മസികളില്‍ നേരിട്ട് എത്തേണ്ടതാണ്.
കോവിഡ് 19 മഹാമാരി മൂലം യുഎഇ വെല്ലുവിളികള്‍ നേരിടുന്നത് തുടരുമ്പോള്‍, ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സന്ദര്‍ശകരെയും സഹായിക്കാന്‍ സമൂഹം ഒന്നടങ്കം ഒത്തുചേരേണ്ടത് നിര്‍ണായകമാണെന്ന് ആസ്റ്റര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സിഇഒ ജോബി ലാല്‍ വാവച്ചന്‍ പറഞ്ഞു. ”ഇപ്പോഴത്തെ സ്ഥിതി അനിശ്ചിതത്വം നിറഞ്ഞതും എന്നാല്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇത് പ്രത്യേകിച്ചും, അവര്‍ക്ക് ലഭിച്ചു വരുന്ന ആരോഗ്യ സേവനങ്ങള്‍ ലഭ്യമാവാതെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. പ്രവചനാതീതമായ ഈ സാഹചര്യത്തില്‍ യുഎഇയിലെ ഓരോ വ്യക്തിയുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അതിന്റെ മുഴുവന്‍ പിന്തുണയും സാധ്യമാകുന്നിടത്തെല്ലാം വാഗ്ദാനം ചെയ്യുകയാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.