കാവിഡ് 19: ആസ്റ്റര്‍ ആശുപത്രികളില്‍ വെര്‍ച്വല്‍ പരിശോധന

ദുബൈ: കോവിഡ് 19 രോഗവ്യാപനത്തില്‍ നിന്നും സാധാരണ അടിയന്തിര ഇതര രോഗികളുടെ സുരക്ഷ ലക്ഷ്യമിട്ട് ദുബൈയിലെ രണ്ടു ആസ്റ്റര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ വെര്‍ച്വല്‍ പരിശോധനാ സംവിധാനം നടപ്പാക്കി. ടെലികണ്‍സള്‍ട്ടേഷനിലൂടെയുള്ള ഈ നൂതന ചികില്‍സാ സംവിധാനം അത്യാഹിത, ശസ്ത്രക്രിയാ വിഭാഗങ്ങളിലല്ലാത്ത രോഗികള്‍ക്ക് ആശുപത്രി സന്ദര്‍ശിക്കാതെ തന്നെ ചികിത്സ തേടാനും ഡോക്ടറുടെ പരിശോധന ലഭ്യമാക്കാനും ലാബ് പരിശോധനക്കുള്ള സാമ്പിളുകള്‍ വീട്ടില്‍ വന്നു ശേഖരിക്കാനും മരുന്നുകള്‍ വീട്ടിലെത്തിക്കാനുമുള്ള ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധിപ്പിച്ച സംവിധാനമാണ്. സ്ഥിരമായി ചികിത്സ തേടിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശിക്കുന്നത് വഴി ഉണ്ടാകാവുന്ന കോവിഡ് പകര്‍ച്ചയുടെ സാധ്യത ഒഴിവാക്കുകയാണ് വെര്‍ച്വല്‍ പരിശോധനയുടെ ലക്ഷ്യമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യുഎഇ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ഇതു വഴി ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ മുഴുവന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനം നിലവിലുള്ള രോഗികള്‍ക്കും പുതിയ രോഗികള്‍ക്കും ആസ്റ്ററിന്റെ ഇലക്‌ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി ബന്ധിപ്പിച്ച ഈ സംവിധാനം വഴി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്ക് ഇലക്‌ട്രോണിക് പ്രിസ്‌ക്രിപ്ഷനും ചികിത്സാ പ്‌ളാനും ലഭ്യമാവുകയും ചെയ്യും. രോഗികള്‍ ആസ്റ്റര്‍ കോള്‍ സെന്റര്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ എന്നിവ വഴി ബുക് ചെയ്യുമ്പോള്‍ എസ്എംഎസ് മുഖേന തിരിച്ചറിയല്‍ നടത്തി ഇന്‍ഷുറന്‍സ് ലഭ്യമാക്കി ഡോക്ടറുമായി ടെലികണ്‍സള്‍ട്ടേന്‍ മുഖേന അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ റീജ്യണല്‍ ഐടി ഹെഡ് ജോസഫ് ജോര്‍ജ് പറഞ്ഞു.