കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസ് മേധാവി വിലയിരുത്തി

34
അബുദാബി പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് ക്യാപ്റ്റന്‍ ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇ കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ-മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുന്നു

അബുദാബി: കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ-മുന്‍കരുതല്‍ നടപടികളെ കുറിച്ച് വിലയിരുത്താന്‍ അബുദാബി പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് ക്യാപ്റ്റന്‍ ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇ വിദൂര മേഖലാ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി. വിഷ്വല്‍ റിമോട് ടെക്‌നോളജി വഴിയാണ് പൊലീസ് മേഖലാ ഡയറക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധ നടപടികള്‍, വര്‍ക്ക് ടീമുകളുടെ പങ്ക്, അബുദാബിയിലെ പൊലീസ് മേഖലകള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം അവലോകനം ചെയ്തു.
അബുദാബി പൊലീസിലെ മുഴുവന്‍ ജീവനക്കാരും ഈ മഹാമാരിയെ നേരിടുന്നതില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ സര്‍ക്കാര്‍ അധികാര പരിധിയിലെ ഏകോപനത്തിലും സഹകരണത്തിലും അംഗീകൃത പ്രവര്‍ത്തന പദ്ധതികള്‍ക്ക് അനുസൃതമായി അടിയന്തിര കോളുകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും മറുപടി നല്‍കുന്നതിനൊപ്പം സുരക്ഷയും സംരക്ഷണവും വ്യാപിപ്പിക്കാനും ആവശ്യമായ പ്രതിരോധ നടപടികളെ കുറിച്ച് പൗരന്മാരെയും താമസക്കാരെയും സന്ദര്‍ശകരെയും ബോധവത്കരിക്കാനുമുള്ള ശ്രമങ്ങളില്‍ പങ്കാളികളാവാനും പൊലീസ് വര്‍ക്ക് ടീമുകള്‍ രാവും പകലും ഈ രംഗത്ത് തങ്ങളുടെ ശ്രമങ്ങള്‍ തുടരുന്നതായി മേഖലാ ഡയറക്ടര്‍മാര്‍ അദ്ദേഹത്തെ ധരിപ്പിച്ചു.
അബുദാബി എമിറേറ്റിലെ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ, സംരക്ഷണം എന്നിവ വര്‍ധിപ്പിക്കാനും തീരുമാനിച്ചു.