ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈ കോര്‍ത്ത് സൗത്ത് സോണ്‍ കെഎംസിസിയും

30

അബുദാബി: അബുദാബി കെഎംസിസിയും ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററും നടത്തി വരുന്ന കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി സൗത്ത് സോണ്‍ കെഎംസിസി രംഗത്ത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ അബുദാബിയില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ നല്‍കിയ സൗത്ത് സോണ്‍ കെഎംസിസി, രണ്ടാം ഘട്ടമായി ഏകദേശം രണ്ടു ടണ്ണോളം ഭക്ഷ്യ സാധനങ്ങളാണ് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ എത്തിച്ചത്. വരുംദിവസങ്ങളില്‍ കിറ്റുകളായി ഇവ വിതരണം ചെയ്യും. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ട്രഷറര്‍ ഹംസ നടുവില്‍ എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് വേണ്ട എല്ലാ ഭക്ഷ്യ സാധനങ്ങളും അടങ്ങിയ കിറ്റാണ് റമദാന്‍ മുന്‍നിര്‍ത്തി വിതരണം ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബനിയാസിന്റെയും അഭ്യുദയ കാംക്ഷികളുടെയും സഹകരണത്തോടെയാണ് സാധനങ്ങള്‍ നല്‍കിയത്. റമദാനിലും ഘട്ടംഘട്ടമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതാണ്. അതോടൊപ്പം, കൊറോണ സ്ഥിതീകരിച്ചവരെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യമായ കൗണ്‍സലിംഗ് നല്‍കാനും മാനസിക സമ്മര്‍ദം കുറക്കാനും പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. യുഎഇയിലെ പ്രവാസീ സമൂഹത്തിനിടയില്‍ കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതല്‍ കെഎംസിസി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. സൗത്ത് സോണ്‍ കെഎംസിസി പ്രസിഡന്റ് ഷാനവാസ് പുളിക്കലിന്റെ നേതൃത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരവാഹികളായ മുഹമ്മദ് അഫ്‌സല്‍, ഇസ്ഹാഖ് നദ്‌വി, അഹമ്മദ് കബീര്‍ രിഫായി, ഷംജാദ് കോലോത്, അബ്ദുല്‍ സമദ്, ഷാനവാസ് ഖാന്‍, ദാവൂദ് ശൈഖ്, മുഹമ്മദ് സജീര്‍, നിസാമുദ്ദീന്‍ പനവൂര്‍, അബ്ദുല്‍ കരീം, ഷെഹിന്‍ ഷാജഹാന്‍ എന്നിവരുടെ പിന്തുണയുമുണ്ട്.