ബഹ്റൈനിൽ 55 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

11

മനാമ: ബഹ്റൈനിൽ 55 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 41 പേർ ഹിദ്ദ് ഭാഗത്തു നിന്നുള്ള വിദേശ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം നടന്ന ലബോറട്ടറി പരിശോധനയിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്​ ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇതോടെ ഇന്ന് (ഏപ്രിൽ 7, 5:00 PM) പുറത്തു വന്ന വിവരങ്ങൾ പ്രകാരം ബഹ്റൈനിൽ ചികിത്സയിൽ കഴിയുന്ന ആകെ കോവിഡ് ബാധിതരുടെ എണ്ണം 349 ആയി. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. ആകെ 458 പേരാണ് ഇതുവരെ ബഹ്റൈനിൽ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുള്ളത്. 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആകെ 50127 പേരെയാണ് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്.

കഴിഞ്ഞ ദിവസം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സൽമാബാദ് ലേബർ ക്യാമ്പിലെ 31പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. മുൻപ് സ്ഥിരീകരിച്ച 113 പേരടക്കം 144 പേർക്കാണ് സൽബാദ് ക്യാമ്പിൽ നിന്നും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും തന്നേ രോഗ സ്ഥിരീകരണത്തിനും 14 ദിവസം മുൻപ് തന്നെ നിരീക്ഷണത്തിലായിരുന്നതിനാൽ പ്രവാസി സമൂഹത്തിൽ ആർക്കും തന്നെ സമൂഹ വ്യാപനം വഴി രോഗം പകർന്നിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.