ഐസലേഷന്‍ നിര്‍ദേശം ലംഘിച്ച വിദേശ ഡോക്ടര്‍ക്ക് ഒരു മാസം തടവും 2,000 ദീനാര്‍ പിഴയും ശിക്ഷ

17

മനാമ: കോവിഡ്-19 പശ്ചാത്തലത്തില്‍ ഹോം ഐസലേഷന്‍ നിര്‍ദേശം ലംഘിച്ച വിദേശ ഡോക്ടര്‍ക്ക് ഒരു മാസം തടവും 2,000 ദീനാര്‍ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തായിക്കിയാല്‍ ഇയാളെ നാടുകടത്താനും ലോവര്‍ ക്രിമിനല്‍ കോടതി വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അദ്‌നാന്‍ അല്‍ വിദാഇ അറിയിച്ചു. നേരത്തെ കൊറോണ പ്രതിരോധ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടി.

കൊറോണ ബാധിത രാജ്യത്ത് നിന്ന് ബഹ്‌റൈനിലെത്തിയ ഡോക്ടറെ നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ശേഷം വീട്ടുനിരീക്ഷണത്തില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദേശം അവഗണിച്ച് ഇദ്ദേഹം സ്വകാര്യ ക്ലിനിക്കില്‍ ജോലിക്കായി എത്തിച്ചേര്‍ന്നു. രോഗികളുമായും സഹജീവനക്കാരുമായും ഇദ്ദേഹം ഇടപെട്ടതായി കോടതിക്ക് ബോധ്യം വന്നതോടെയാണ് ശിക്ഷ വിധിച്ചത്. പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.