പ്രവാസികള്‍ നാടിന്റെ കരുത്ത്, അവരെ സംരക്ഷിക്കണം: സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

216

നമ്മുടെ രാജ്യത്ത് നിന്ന് ജോലിയാവശ്യാര്‍ത്ഥം വിദേശത്ത് പോയ പ്രവാസികളെയും രാജ്യത്ത് കഴിയുന്നവരെ പോലെ പരിഗണിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. പ്രവാസികള്‍ വഴി ഇവിടെ എത്തുന്ന വിദേശ നാണ്യം നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിലും നാട്ടിലെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റങ്ങള്‍ക്കും കരുത്ത് പകരുന്നതാണെന്നതിനാല്‍ തന്നെ അവരെ അവഗണിക്കാന്‍ നമുക്ക് സാധിക്കില്ല.
പ്രതിസന്ധിയുടെ ഈ കാലത്ത് അവരുടെ ആശങ്കയും ഭയപ്പാടും നീക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ബാധ്യതയാണ്. കോവിഡ് 19 ലോകത്താകമാനം പടരുന്ന സാഹചര്യത്തില്‍ അവര്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരങ്ങള്‍ കാണാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കി അതിവേഗ ഇടപെടലുകള്‍ നടത്തേണ്ടതാണ്. അതിനായി അതത് രാജ്യങ്ങളിലെ ഭരണാധികാരികളുമായും വിദേശ കാര്യ മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ട് ഇപ്പോഴത്തെ നില തരണം ചെയ്യാന്‍ അടിയന്തിരമായി ബന്ധപ്പെടുകയും ക്രിയാത്മകമായി പ്രശ്‌ന പരിഹാരത്തിന് അവസരം സൃഷ്ടിക്കുകയും വേണം.
പ്രവാസികള്‍ പ്രതിസന്ധിയിലായ സമയം അവരെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍കയും. ഈ അവസരത്തിലും അവരുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍ ആശാവഹമായ രീതിയിലല്ല എന്നത് ഏറെ ദു:ഖകരമായ വസ്തുതയാണ്. യുഎഇ നോര്‍ക ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ട് നിയമിച്ചവരില്‍ ഗള്‍ഫ് രാജ്യത്തെ സര്‍ക്കാറിന്റെ അംഗീകാരമുള്ള കെഎംസിസിക്ക് ഒരു പരിഗണനയും നല്‍കിയിട്ടുമില്ല.
തൊഴിലിടങ്ങളില്‍ ഒരൊറ്റ റൂമില്‍ തന്നെ നിരവധി ആളുകള്‍ താമസിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. ഇത് രോഗം ബാധിക്കാനുള്ള സാഹചര്യമുണ്ടാക്കും. 24 മണിക്കൂര്‍ നേരത്തെ ലോക്ക്ഡൗണും കര്‍ഫ്യൂവും നിലവിലുള്ളതിനാല്‍ പുറത്തിറങ്ങാനാവാത്ത സാഹചര്യവും അവര്‍ക്ക് കൂടുതല്‍ മാനസിക സംഘര്‍ഷമുണ്ടാക്കുകയും ചെയ്യും. നൂറുകണക്കിനാളുകള്‍ തിങ്ങിത്താമസിക്കുന്ന ലേബര്‍ ക്യാമ്പുകളും റൂമുകളുമായതിനാല്‍ രോഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയാല്‍ അത് വലിയ അപകടങ്ങള്‍ക്കാണ് വഴി വെക്കുക. തൊഴിലും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്നവരുടെ അരികിലേക്ക് ഭക്ഷണവും മരുന്നും കടുത്ത നിയന്ത്രണങ്ങള്‍ കാരണം എത്തിച്ചു കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പ്രവാസികള്‍ നല്‍കുന്ന വിവരങ്ങളിലൂടെ അറിയാന്‍ സാധിക്കുന്നത്.
രോഗവ്യാപ്തി വര്‍ധിച്ചാല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാതിരിക്കുമോ എന്ന ഭയവും അവരെ അലട്ടുന്നുണ്ട്. ഈ അവസരത്തില്‍, നാട്ടിലെത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ ഒരുക്കാന്‍ സര്‍ക്കാറും വിദേശ കാര്യ മന്ത്രാലയവും മുന്നോട്ട് വരേണ്ടതുണ്ട്. രാജ്യത്ത് ലോക്ക്ഡൗണിന് ശേഷം മടങ്ങി വരുന്ന പ്രവാസികളെ വീട്ടിലേക്കയക്കാതെ ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം സജ്ജീകരിക്കുമെന്നും ഇതര ജില്ലാ-സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നമ്മുടെ സഹോദരങ്ങളെ വീട്ടിലേക്കയക്കാതെ പഞ്ചായത്തുകള്‍ ഒരുക്കുന്ന ഐസൊലേഷന്‍ സെന്ററുകളില്‍ താമസിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
സര്‍ക്കാറുകളുടെ സഹായങ്ങള്‍ക്ക് കാത്തിരിക്കാതെ തന്നെ കെഎംസിസി പ്രവര്‍ത്തകര്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണ-മരുന്ന് വിതരണം തുടങ്ങി നല്ല നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്. ഇപ്പോള്‍ ദുബൈ അടക്കമുള്ള സ്ഥലങ്ങളില്‍ കെഎംസിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നമ്മുടെ പ്രവാസികള്‍ക്ക് ആശ്വാസമായുളളത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇതിന് തടസ്സം വന്നാല്‍ അത് വലിയ ദുരന്തങ്ങളിലേക്ക് നമ്മുടെ പ്രവാസി സുഹൃത്തുക്കളെ തള്ളി വിടും. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്താനും അവരെ പരിഗണിക്കാനുമുള്ള മനസ് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് ഉണ്ടാവേണ്ടതുണ്ട്.