രക്തദാന ആഹ്വാനവുമായി സഊദി ആരോഗ്യ മന്ത്രാലയം; വാട്ടീന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാം

15

മുറാസില്‍
റിയാദ്: രാജ്യത്തെ പൗരന്മാരും വിദേശികളും കൃത്യമായ ഇടവേളകളില്‍ രക്തദാനം നടത്താന്‍ സന്നദ്ധരാവണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. രക്തം ദാതാക്കളില്‍ നിന്ന് മാത്രമേ ലഭ്യമാകൂ എന്നതിനാല്‍ രാജ്യത്തെ ജനങ്ങളുടെ സന്മനസ്സിനെയും സന്നദ്ധതയെയും ആശ്രയിച്ചിരിക്കും ബ്‌ളഡ് ബാങ്കുകളിലെ രക്ത ലഭ്യത. ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ദാനം ചെയ്യുന്നവരില്‍ മാത്രമാണ് പ്രതീക്ഷ. രക്തം ആവശ്യമുള്ളവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അതിനനുസൃതമായി രക്തദാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ അലി പറഞ്ഞു. രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ സ്മാര്‍ട് ഫോണുകളില്‍ ‘വാട്ടീന്‍’ ആപ്‌ളിക്കേഷന്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ബ്‌ളഡ് ബാങ്കുമായി സംവദിക്കാനും അപ്പോയിന്‍മെന്റ് എടുക്കാനും രക്തദാനത്തിന്നാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഇതു മൂലം സാധ്യമാകും. രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ രക്തദാനത്തിനുള്ള സമയം ക്രമീകരിക്കാനും കാലതാമസമില്ലാതെ രക്തം നല്‍കി തിരിച്ചു പോരാനും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്‌ളഡ് ബാങ്കുകളില്‍ സുരക്ഷിത സാഹചര്യമുണ്ടാകുമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ അലി വ്യക്തമാക്കി.