കമ്മ്യൂണിറ്റി കിച്ചണ്‍ കമ്യൂണിസ്റ്റ് കിച്ചനായില്ല; സാമൂഹ്യഅടുക്കള നിര്‍ത്താന്‍ കോര്‍പ്പറേഷന്‍ ഉത്തരവ്

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സോഫിയ അനീഷിന്റെ നേതൃത്വത്തില്‍ സാമൂഹ്യ അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുന്നവര്‍

കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സോഫിയ അനീഷിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ നടന്നുവന്ന 66-ാം വാര്‍ഡിലെ കമ്മ്യൂണിറ്റി കിച്ചണ്‍ അടച്ചു പൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവ്. നഗരസഭ സെക്രട്ടറിയുടെ അനുമതി പ്രകാരം ഏപ്രില്‍ ഒന്നിന് ആരംഭിച്ച പാവപെട്ട അഞ്ഞൂറിലേറെ കുടുംബങ്ങള്‍ക്ക് ഉച്ച ഭക്ഷണം നല്‍കി കൊണ്ടിരുന്ന വെള്ളയിലെ സാമൂഹ്യ അടുക്കള നിര്‍ത്താന്‍ ഉത്തരവിട്ടത്.
ഒരു നേരത്തെ വിശപ്പടക്കാന്‍ വാര്‍ഡിലെ എല്ലാ മത സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളെയും ഒപ്പം നിര്‍ത്തി കൗണ്‍സിലറായ സൗഫിയ അനീഷിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച കമ്യൂണിറ്റി കിച്ചണെ കുറിച്ച് നിലവില്‍ ഒരു ആക്ഷേപവുമില്ല. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഏതാനും ഭക്ഷണ പൊതികള്‍ വാര്‍ഡിലെ ഒരു ചെറിയ ഭാഗത്തേക്ക് പോലും തികയാതെ വന്ന സാഹചര്യത്തിലാണ് വാര്‍ഡില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ തുടങ്ങിയത്.
കോര്‍പറേഷന്റെ ഭാഗത്തു നിന്ന് ഇത് വരെ ഒരു രൂപയുടെ സഹായം പോലും ലഭിച്ചിട്ടില്ല. വെള്ളയില്‍ പ്രദേശത്തെ അമ്പല, പള്ളി കമ്മറ്റികളുടെയും നാട്ടിലെ സുമനസുകളുടെയും സഹായ സഹകരണത്തോടെയാണ് ഇത്രയും ദിവസം കിച്ചന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കമ്മ്യൂണിറ്റി കിച്ചണ്‍ കമ്മ്യൂണിസ്റ്റ് കിച്ചനാക്കാനാവാത്ത രാഷ്ട്രീയ വിരോധമാണ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സാമൂഹ്യ അടുക്കള പൂട്ടിച്ച് പാവപ്പെട്ടവരുടെ വിശപ്പിനെ ചോദ്യ ചിഹ്നമാക്കിയതെന്നാണ് ആരോപണം.