വാടക കാര്‍ മോഷ്ടാക്കളെ അജ്മാനില്‍ പിടികൂടി

23

ദുബൈ: വാടക കാറുകള്‍ മോഷ്ടിച്ച് വിദേശത്ത് വില്‍ക്കാന്‍ രാജ്യത്തിന് പുറത്ത് കടത്തിയ സംഘത്തെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
എമിറേറ്റിലെ റെന്റ് എ കാര്‍ ഓഫീസുകളില്‍ നിന്ന് 83 കാറുകള്‍ മോഷ്ടിച്ചു. അതില്‍ 55 എണ്ണം കണ്ടെടുത്തു, അതില്‍ 17 എണ്ണം രാജ്യത്തിനകത്തും 38 കാറുകള്‍ പുറത്തുനിന്നുമാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ യുഎഇക്ക് പുറത്ത് പോയി രക്ഷപ്പെട്ടു. അജ്മാന്‍ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുയിമിയാണ് ഈ ഓപ്പറേഷന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. കാറുകള്‍ കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കുകയും ഗതാഗത രേഖകളില്‍ വീട്ടുപകരണങ്ങളായി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കടത്തുന്നത്. ഇത്തരത്തില്‍ മോഷ്ടിച്ച മൊത്തം കാറുകളുടെ മൂല്യം 6,350,000 ദിര്‍ഹം വരും. മോഷ്ടിച്ച ബാക്കി കാറുകള്‍ കണ്ടെടുക്കാനും മറ്റ് രണ്ട് പേരെ പിടുകൂടാനും സഹായിക്കുന്നതിന് പൊലീസ് ഇന്റര്‍പോളിനെ ബന്ധപ്പെട്ടു. കേസ് സങ്കീര്‍ണമുള്ളതാണെന്ന്് മേജര്‍ ജനറല്‍ അല്‍ ന്യൂയിമി പറഞ്ഞു. സന്ദര്‍ശക വിസയിലെത്തുന്നവരെയാണ് കാറുകള്‍ മോഷ്ടിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇവര്‍ ഈ കാറുകള്‍ സംഘത്തിന് കൈമാറി ഇവിടെ നിന്നും രക്ഷപ്പെടുന്നു. ഇത് പോലീസിന് ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാക്കി. കുറ്റകൃത്യം നടന്നത് 2019 ഡിസംബറിലാണെന്നും എന്നാല്‍ ആദ്യത്തെ പരാതികള്‍ ഈ വര്‍ഷം ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തതായും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹ്മദ് സയീദ് പറഞ്ഞു. കേസ് ഈ തരത്തിലെത്തിക്കാന്‍ മൂന്നു മാസമെടുത്തു. ചില റെന്റ് എ കാര്‍ ഓഫീസുകള്‍ ഇതേക്കുറിച്ച് അറിഞ്ഞിട്ടേയില്ലായിരുന്നു. പൊലീസ് പറയുമ്പോഴാണ് പലരും വിവരമറിയുന്നത്. കാറുകള്‍ കടത്താന്‍ മാത്രമായി ഒരു സംഘം സന്ദര്‍ശക വിസയിലെത്തിയതായി സംശയിക്കുന്നു. നിരവധി റെന്റ് എ കാര്‍ കമ്പനികള്‍ വൈകി മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോഴേക്കും കാറുകള്‍ ഇവിടെ നിന്നും കടത്തിയിരുന്നു. ആഭ്യന്തര ട്രാക്കര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ രാജ്യത്തിന് പുറത്താണെന്ന് കണ്ടെത്തി. മറ്റ് എമിറേറ്റുകളില്‍ നിന്നും സമാനമായ നിരവധി പരാതികളുണ്ട്. അന്വേഷണത്തിനായി സിഐഡിയില്‍ നിന്നുള്ള ഒരു സംഘം രൂപീകരിച്ചു. കാര്‍ വാടകക്കെടുക്കുന്നവരും പകുതി വിലക്ക് കാറുകള്‍ വില്‍ക്കുന്ന രണ്ടാമത്തെ ഗ്രൂപ്പും പിന്നീട് കാറുകള്‍ ഗാര്‍ഹിക ഉപകണങ്ങള്‍ എന്ന വ്യാജേന കാറുകള്‍ കയറ്റി വിടുന്ന ഗ്രൂപ്പായും മൂന്ന് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
കാറുകള്‍ മടക്കിനല്‍കാന്‍ പൊലീസ് ഷിപ്പിംഗ് കമ്പനികളുമായി ബന്ധപ്പെട്ടു. തുറമുഖത്തെ ഈ വിവരം അറിയിക്കുകയും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇത്തരം കണ്ടെയ്‌നറുകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അയല്‍രാജ്യമായ അറബ് രാജ്യത്തിന്റെ തുറമുഖത്താണ് കാറുകള്‍ കണ്ടെത്തിയത്.