മുറാസില്‍
റിയാദ്: കോവിഡ് 19 ബാധയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലെ സ്കൂളുകളില്‍ നിര്‍ത്തി വെച്ച എസ്എസ്എല്‍സി, പ്ളസ് ടു ക്ളാസുകളിലെ ബാക്കിയുള്ള പരീക്ഷകള്‍ നടത്തില്ലെന്ന് സിബിഎസ്ഇ ബോര്‍ഡ്. പത്താം ക്ളാസില്‍ ഒന്നും പന്ത്രണ്ടാം ക്ളാസില്‍ രണ്ടും പരീക്ഷകളാണ് കോവിഡ് 19 വ്യാപനം മൂലം നടക്കാതിരുന്നത്. പരീക്ഷ മുടങ്ങിയതിന്റെ ഫലമായി ഇരുപത്തഞ്ചോളം വിദേശ രാജ്യങ്ങളിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയില്‍ കഴിഞ്ഞിരുന്നത്. സിബിഎസ്ഇ ബോര്‍ഡിന്റെ ഈ തീരുമാനത്തോടെ ആശങ്കക്ക് അറുതിയായെങ്കിലും ഈ ക്ളാസുകളിലെ ഫല പ്രഖ്യാപനം വരുന്നത് വരെ ആധിയിലാണ് വിദ്യാര്‍ഥികള്‍. ഫല പ്രഖ്യാപനം സംബന്ധിച്ച് പിന്നീട് അറിയിക്കാമെന്നാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്ന് സഊദിയിലെ വിവിധ ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ രാജ്യങ്ങളില്‍ പരീക്ഷയും മൂല്യനിര്‍ണയവും നടത്തുകയെന്നത് അപ്രായോഗികമാണെന്ന് കണ്ടെത്തിയതിനാലാണ് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ അനുമതിയോടെ സിബിഎസ്ഇ ബോര്‍ഡ് ഈ തീരുമാനത്തിലെത്തിയത്. പത്തിലെയും പന്ത്രണ്ടിലെയും മൂല്യ നിര്‍ണയം നാട്ടിലാണ് നടക്കാറുള്ളത്. ഈ സാഹചര്യത്തില്‍ അതും പ്രായോഗികമല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്ന് ഗള്‍ഫ് മേഖലയിലെ രക്ഷിതാക്കള്‍ ബോര്‍ഡിനോടും മാനവ വിഭവ ശേഷി മന്ത്രാലയത്തോടും ആവശ്യപ്പെട്ടു വരികയായിരുന്നു. കോവിഡ് 19 മൂലം അടച്ചിട്ട സഊദിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ വെര്‍ച്വല്‍ ക്ളാസുകള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്.