കോവിഡ് 19: ഹാരിസിന്റെ വിയോഗം വേദന പടര്‍ത്തി

അജ്മാന്‍: കണ്ണൂര്‍ പേരാവൂര്‍ കോളയാട് സ്വദേശി പടിഞ്ഞാറയില്‍ ഹാരിസി(36)ന്റെ വിയോഗം പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി. സല്‍സ്വഭാവിയും സൗമ്യനും പരോപകാരിയുമായിരുന്നു ഹാരിസെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. സാംസ്‌കാരിക-ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ വെച്ചിരുന്നു ഈ യുവാവെന്നും ഇദ്ദേഹത്തിന്റെ വേര്‍പാട് അടക്കാനാവാത്ത മനോവേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കോവിഡ് 19 ബാധിച്ച് ഇന്നലെ പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹാരിസിന്റെ മരണം. പ്രമുഖ കമ്പനിയുടെ പിആര്‍ഒയും അജ്മാന്‍ ഏരിയാ മാനേജരുമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഹാരിസിനെ കടുത്ത പനിയെ തുടര്‍ന്ന് നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പടിഞ്ഞാറയില്‍ അബൂബക്കര്‍-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യ ഗര്‍ഭിണിയാണ്. മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കും.
യുഎഇയില്‍ കോവിഡ് 19 ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഹാരിസ്. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കയ്പമംഗലം സ്വദേശി പരീത് (69) ദുബൈയില്‍ മരിച്ചിരുന്നു.