മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച 75 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 417 ആയി. ഇതില്‍ 115 ഇന്ത്യക്കാരാണ്. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച 75 പേരില്‍ 42 പേര്‍ ഇന്ത്യക്കാരും 12 കുവൈത്തികളും 10 ബംഗ്‌ളാദേശ് പൗരന്മാരും 8 ഈജിപ്തുകാരും ഫിലിപ്പീന്‍സ്-ഇറാഖ്-നേപ്പാള്‍ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരുമാണ്.
ഒരാള്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗമുക്തരുടെ എണ്ണം 82 ആയി. നിലവില്‍ ചികിത്സയിലുള്ള 335 പേരില്‍ 16 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഇന്ത്യക്കാര്‍ക്കിടയില്‍ കോവിഡ് 19 പടരുന്നതില്‍ കുവൈത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്. സ്വകാര്യ മേഖലയില്‍ അവധി പ്രഖ്യാപിക്കാത്തതിനാല്‍ ജോലിക്ക് പോകാതിരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടുത്ത മാനസിക സംഘര്‍ഷവും നേരിടുന്നുണ്ട്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താലും നാട്ടില്‍ പോകാനാവാത്തതിനാലുമാണ് മിക്കവരും ജോലിയില്‍ തുടരുന്നത്. കൂടാതെ, നിരവധി മലയാളി കുടുംബങ്ങള്‍ ഷെയറിംഗ് ആയി താമസിക്കുന്നുമുണ്ട്. പലരും ഹൗസ് മെയ്ഡുമാരെയൊക്കെ ഒഴിവാക്കിയാണ് ഇപ്പോള്‍ കഴിയുന്നത്.
അതിനിടെ, നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കുവൈത്ത്. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് കടകളോ റിപ്പയറിംഗ് വര്‍ക്‌ഷോപ്പുകളോ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മന്‍ഫൂഹി ഉത്തരവിട്ടു.