കോവിഡ് 19: കുവൈത്തില്‍ മരണം മൂന്നായി; തിങ്കളാഴ്ച 55 പുതിയ രോഗികള്‍

കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് വാര്‍ത്താസമ്മേളനത്തില്‍

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 79 വയസുള്ള കുവൈത്തി വനിതയാണ് തിങ്കളാഴ്ച മരിച്ചത്. പുതുതായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 55 പേരില്‍ 29 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ, വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ആകെ ഇന്ത്യക്കാരുടെ എണ്ണം 753 ആയി വര്‍ധിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമെ, രോഗബാധ സ്ഥിരീകരിച്ചതില്‍ 6 സ്വദേശികള്‍, 5 ഈജിപ്ത്കാര്‍, 5 ബംഗ്‌ളാദേശികള്‍, 4 പാക്കിസ്താനികള്‍, 1 ഇറാനി, 1നേപ്പാളി, 1അഫ്ഘാനി, 1 ഫിലിപ്പീനി, 1 ചൈനീസ്, 1 ലബനീസ് എന്നിങ്ങനെയാണ്. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 1,355 ആയി. കഴിഞ്ഞ ദിവസം 26 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി ബാസില്‍ അല്‍സബാഹ് അറിയിച്ചു. ഇതോടെ, കൊറോണ വൈറസ് രോഗമുക്തരായവരുടെ എണ്ണം 176 ആയി. നിലവില്‍ 1,176 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 26 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതായും ഇതില്‍ 9 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് വ്യക്തമാക്കി. അതിനിടെ, കുവൈത്തില്‍ കോവിഡ് 19 മലയാളികള്‍ക്കിടയിലും പടരുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി മലയാളികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരികരിച്ച് വളണ്ടിയര്‍ സേവനത്തിറങ്ങാന്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും മന്ത്രാലയം ആവശ്യപ്പെട്ടു. പകര്‍ച്ച വ്യാധിയെ നേരിടാനും അപകട സാധ്യത കുറക്കാനും ആരോഗ്യ മേഖലയിലെ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രാലയം ഉണര്‍ത്തി.