സര്‍ക്കാര്‍ അവധി ഏപ്രില്‍ 26 വരെ
മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: തിങ്കളാഴ്ച 109 പുതിയ കൊറോണ വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കുവൈത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ 79 പേര് ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 655 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ, രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് 79 ഇന്ത്യക്കാര്‍ക്കും വൈറസ് പകര്‍ന്നത്. 6 ഈജിപ്ത് പൗരന്മാര്, 6 ബംഗ്ളാദേശികള്‍, മൂന്നു പാക്കിസ്താന് പൗരന്മാര്, ഒരു ഫിലിപ്പീന്‍സ് പൗരന് എന്നിവര്‍ക്കും സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം, വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എട്ടു സ്വദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 4 പേര് കൂടി രോഗവിമുക്തി നേടിയതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 103 ആയതായി ആരോഗ്യ മന്ത്രി ഡോ. ശൈഖ് ബാസില്‍ അല്‍ സബാഹ് അറിയിച്ചു. നിലവില്‍ 561 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 304 പേര് ഇന്ത്യക്കാരാണ്. തിവ്ര പരിചരണ വിഭാഗത്തിലുള്ള 20 പേരില്‍ 7 പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പുതിയ കോവിഡ് 19 ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയാണ് ആഭ്യന്തര മന്ത്രാലയം. കുവൈത്തില്‍ ഏപ്രില്‍ 12 വരെയുണ്ടായിരുന്ന സര്‍ക്കാര്‍ അവധി ഏപ്രില്‍ 26 വരെ ദീര്‍ഘിപ്പിക്കാനും നിലവിലെ കര്‍ഫ്യൂ സമയം വൈകുന്നേരം 5 മുതല്‍ രാവിലെ 6 മണി വരെയാക്കാനും തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ രാവിലെ നാല് മണി വരെയാണ് കര്‍ഫ്യൂ സമയം. അതോടൊപ്പം, വൈറസ് വ്യാപനം ദ്രുതഗതിയില്‍ നടക്കുന്ന ജലീബ്, മഹ്ബൂല, ഫര്‍വാനിയ എന്നീ ഏരിയകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചതിനാല്‍ ക്രമേണ നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ അബ്ബാസിയ, ഹസാവി ഏരിയകള്‍ ഉള്‍പ്പെടുന്ന ജലീബില്‍ അത് എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് ധാരാളം പൊലീസ് സേനയെ വിന്യസിപ്പിക്കുകയും പ്രധാന റോഡുകള്‍ അടക്കുകയും ചെയ്തിട്ടുണ്ട്.