രോഗബാധ 157 പേര്‍ക്ക് കൂടി, 264 പേര്‍ക്ക് ഭേദമായി; സഊദിയില്‍ അഞ്ച് വിദേശികളടക്കം ആറു മരണം

    അഷ്‌റഫ് വേങ്ങാട്ട്
    റിയാദ്: സഊദിയില്‍ കോവിഡ് 19 കൊറോണ വൈറസ് ബാധയേറ്റ ആറു പേര്‍ കൂടി മരിച്ചു. ഇതോടെ, സഊദിയില്‍ കോവിഡ് 19 കേസില്‍ മരിച്ചവരുടെ എണ്ണം 16 ആയി. മരിച്ച ആറു പേരില്‍ ഒരു സ്വദേശിയും അഞ്ച് വിദേശികളുമാണുള്ളത്. മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലാണ് വിദേശികള്‍ മരിച്ചത്. 157 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ കണ്ടെത്തിയതോടെ 1,720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 99 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതു വരെ 264 പേര്‍ക്ക് രോഗശമനമുണ്ടായെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മദീന 78, മക്ക 55, റിയാദ് 7, ഖത്തീഫ് 6, ജിദ്ദ 3, ഹഫൂഫ് 3, തബൂക് 2, തായിഫ് 2, അല്‍ഹനാക്കിയ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
    ഇതു വരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റിയാദില്‍ കേസുകള്‍ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നാണ് ഇന്നത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 3,000ത്തോളം പേരെ രോഗലക്ഷണം കണ്ടെത്താത്ത സാഹചര്യത്തില്‍ വിട്ടയച്ചു. കര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗബാധ പടരാതിരിക്കാന്‍ സഊദി കൈക്കൊണ്ട മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമായി കാണുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
    മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതും രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും നിയന്ത്രണങ്ങളില്‍ സ്വദേശികളുടെയും വിദേശികളുടെയും സഹകരണമാണ് തെളിയിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ രാജ്യത്തെ ജനത അതീവ ജാഗ്രത പാലിക്കുന്നുണ്ട്
    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 10 ദിവസമായി കര്‍ഫ്യൂ തുടരുകയാണ്. മുന്‍കരുതല്‍ കൂടുതല്‍ കര്‍ശനമാക്കുന്നതോടൊപ്പം കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണ് അധികൃതര്‍. കോവിഡ് 19 കേസുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയാണ് 24 മണിക്കൂറും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.