കോവിഡ് ബാധിച്ച് കൊല്ലം, തിരൂര്‍ സ്വദേശികള്‍ യുഎഇയില്‍ മരിച്ചു

    കുഞ്ഞിമോന്‍

    ദുബൈ: കോവിഡ് 19 ബാധിച്ച് യുഎഇയില്‍ രണ്ടു മലയാളികള്‍ മരിച്ചു. കൊല്ലം ചിതറ വളവുപച്ച സ്വദേശി ദിലീപ് കുമാര്‍ (54) ദുബൈയിലും, മലപ്പുറം തിരൂര്‍ പുറത്തൂര്‍ പുളിക്കല്‍ കുഞ്ഞിമോന്‍ (55) അബുദാബിയിലുമാണ് മരിച്ചത്.
    28 വര്‍ഷമായി യുഎഇയില്‍ ബിസിനസുകാരനായ ദിലീപ് കുമാര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസം മുന്‍പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന്, നാലു ദിവസം മുന്‍പ് വീണ്ടും പനി മൂര്‍ഛിച്ച് ദുബൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ന്യൂമോണിയയാണെന്ന് കണ്ടെത്തുകയും ചെയ്തു. കടുത്ത പ്രമേഹവുമുണ്ടായിരുന്നു. യോഗേഷ്-അരുന്ധതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സനല്‍ കുമാര്‍, പ്രദീപ് കുമാര്‍, ജയ കുമാര്‍, സുനില്‍ കുമാര്‍ (എല്ലാവരും ദുബൈ), സിനിമോള്‍.
    കോവിഡ് 19 സ്ഥിരീകരിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു കുഞ്ഞിമോന്‍. മൃതദേഹം അബുദാബിയില്‍ സംസ്‌കരിച്ചു. 30 വര്‍ഷമായി പ്രവാസിയായിരുന്ന കുഞ്ഞിമോന്‍ അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: വസന്ത. മക്കള്‍: ലിജിത് (അബുദാബി), ലിംന. മരുമകന്‍: ബാബു (അബുദാബി).