അഞ്ച് മരണം, സഊദിയില്‍ 382 പേര്‍ക്ക് രോഗബാധ; 720 പേര്‍ക്ക് ശമനം

19

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. ശനിയാഴ്ച മാത്രം 382 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 4,033 ആയി. അഞ്ച് പേര്‍ കൂടി ശനിയാഴ്ച മരിച്ചതോടെ 52 പേരാണ് ഇതു വരെ മരിച്ചത്. 3,261 പേര്‍ രാജ്യത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 720 പേര്‍ക്ക് രോഗം ഭേദമായി. മരിച്ചവരില്‍ രണ്ട് പേര്‍ സ്വദേശികളാണ്. 33, 67 വയസ്സ് പ്രായമുള്ള ഇവര്‍ ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് മരിച്ചത്. 41, 63, 80 വയസ്സ് പ്രായമുള്ള മൂന്ന് വിദേശികള്‍ മരിച്ചതും മദീനയിലാണ്.
മക്ക 131, മദീന 95, റിയാദ് 76, ജിദ്ദ 50, ദമ്മാം 15, യാമ്പു 5, സബ്തുല്‍ അല്‍ അലായ 3, ഹൊഫുഫ് 3, അല്‍ഖോബാര്‍, തായിഫ്, മൈസാന്‍, അല്‍ ഷംലി എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
റിയാദില്‍ ഇതു വരെ 1,106 പേര്‍ക്ക് രോഗനിര്‍ണ്ണയം നടത്തിയതില്‍ 811 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലുണ്ട്. 295 പേര്‍ക്ക് രോഗം ഭേദമായി. സഊദിയിലെ സുപ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതു വരെ വിവിധ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗബാധയേറ്റവരുടെ എണ്ണവും രോഗശമനം നേടിയവരുടെ എണ്ണവും ഇങ്ങനെ: റിയാദ്: 1106 -295, മക്ക: 852 -126 , മദീന: 593 -24 , ജിദ്ദ: 581 -149, ഖതീഫ്: 186 -30, ദമ്മാം: 180 -43.
ദുരന്ത മുഖത്ത് നിന്ന് കര പറ്റാന്‍ ഒന്നിച്ചു തുഴയണമെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ മുന്നറിയിപ്പ് നല്‍കി. അതിവേഗം പടരുന്ന രോഗം പ്രതിരോധിക്കാന്‍ കഠിന ശ്രമമാണ് നടത്തുന്നത്. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം അക്ഷരം പ്രതി പാലിച്ചാല്‍ നമ്മുടെ രാജ്യത്തെ നമുക്ക് രക്ഷിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ആപത്തിലേക്കാണ് പോക്കെന്ന് മന്ത്രി ആരോഗ്യ വിദഗ്ധരുടെ വീഡിയോ കോണ്‍ഫറെന്‍സില്‍ പറഞ്ഞു.
കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയുടെ പ്രധാന നഗരങ്ങളിലെല്ലാം 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിന് ഭരണകൂടം കൈക്കൊള്ളുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രോഗലക്ഷണമുള്ളവര്‍ 937 നമ്പറില്‍ ബന്ധപ്പെട്ട് ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.