സഊദിയില്‍ 805 പേര്‍ക്ക് രോഗശമനം; 472 പുതിയ കേസുകള്‍

29

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ തിങ്കളാഴ്ച മാത്രം 472 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 4,934 ആയി. അഞ്ച് വിദേശികളടക്കം ഏഴ് പേര്‍ കൂടി തിങ്കളാഴ്ച മരിച്ചു. 59 പേരാണ് ഇതു വരെ മരിച്ചത്. 4,064 പേര്‍ രാജ്യത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 65 പേരുടെ നില ഗുരുതരമാണ്. 805 പേര്‍ക്ക് രോഗം ഭേദമായി. റിയാദ് 118, മദീന 113, മക്ക 95, ജിദ്ദ 80, ദമ്മാം10, തബൂക്ക് 22, അറാര്‍ 8, ഖുലൈസ് 8, തായിഫ് 8, ഹൊഫുഫ് 7, ഖമീസ് മുശൈത്ത് 5, ബുറൈദ 2, ഖുന്‍ഫുദ 1, നജ്‌റാന്‍ 1, സബ്ത് അല്‍ അലായ 1, അല്‍ഖര്‍ജ് 1, ദഹ്‌റാന്‍ 1, അഹദ് റുഫൈദ 1 എന്നിവിടങ്ങളിലാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സഊദിയിലെ സുപ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. ഇതു വരെ വിവിധ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണവും രോഗശമനം നേടിയവരുടെ എണ്ണവും ഇപ്രകാരം: റിയാദ്:1422 -327, മക്ക: 1050 -136, മദീന: 77 -929, ജിദ്ദ: 680 -158, ഖതീഫ്: 189 -61, ദമ്മാം: 190 -43.
ലേബര്‍ ക്യാമ്പുകളില്‍ രോഗബാധ വ്യാപിക്കുന്നതായും മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. ഓരോ കമ്പനികളുടെയും പരിധിയില്‍ പെട്ടതാണ് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷിതത്വം. ഇത് നിറവേറ്റാന്‍ കമ്പനികള്‍ തയാറാവണം. വാണിജ്യ-നഗര-ഗ്രാമ മന്ത്രാലയങ്ങള്‍ സംയുക്തമായി ഇത്തരം ക്യാമ്പുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കൂടുതല്‍ ആളുകള്‍ താമസിക്കുന്നിടങ്ങളില്‍ നിന്നും തൊഴിലാളികളെ മാറ്റിത്താമസപ്പിക്കാനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധ മാറ്റാനുള്ള ഏറ്റവും മികച്ച ചികിത്സയാണ് നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.