റിയാദ്: കോവിഡ് 19 മൂലം സഊദിയില്‍ ഞായറാഴ്ച രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ, കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 97 ആയി. കോവിഡ് ബാധിച്ച് സഊദിയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം എട്ടായി ഉയര്‍ന്നു. മക്കയിലും മദീനയിലുമാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. 32 പേര്‍ വീതം പുണ്യ നഗരങ്ങളില്‍ കോവിഡ് ബാധ മൂലം ഇതിനകം മരണമടഞ്ഞു. ജിദ്ദയില്‍ പതിനേഴ് പേരും റിയാദില്‍ നാല് പേരും ഹൊഫൂഫില്‍ മൂന്ന് പേരും ഇവരിലുള്‍പ്പെടുന്നു. ദമ്മാം, ഖതീഫ്, തബൂക്ക്, അല്‍ഖോബാര്‍, ഖമീസ് മുശൈത്ത്, ബുറൈദ, ജിസാന്‍, ജുബൈല്‍, ബിദായിയ്യ എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. അതീവ ജാഗ്രതയിലാണ് രാജ്യം. രോഗം പടരുന്നത് തടയാന്‍ കടുത്ത നിയന്ത്രണങ്ങളിലൂടെ പരമാവധി ശ്രമിച്ചു വരികയാണ് സഊദി ഭരണകൂടം.
1088 പേര്‍ക്ക് ഞായറാഴ്ച രോഗനിര്‍ണയം നടത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 9,362 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1,398 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി ആസ്പത്രി വിട്ടതായും അദ്ദേഹം അറിയിച്ചു. 7,867 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. മേഖലാടിസ്ഥാനത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ തന്നെയാണ്. ജിദ്ദ, ദമ്മാം, മദീന, ഹൊഫൂഫ്, റിയാദ് എന്നീ നഗരങ്ങളിലും എണ്ണത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. മക്ക 251, ജിദ്ദ 210, ദമ്മാം 194, മദീന 177, ഹുഫൂഫ് 123, റിയാദ് 85, സുല്‍ഫി 9, താഇഫ് 7, യാമ്പു 6, ദഹ്‌റാന്‍ 4, ഹാഇല്‍ 4, റാസ്തനൂറ 3, ഉനൈസ 3, ജുബൈല്‍ 3, തബൂക്ക് 2, റാബിഗ് 2, അല്‍ബാഹ 1, മഹായില്‍ 1, അല്‍ഖര്‍ജ് 1, അല്‍ഐസ് 1, ബെയ്ശ് 1 എന്നിവിടങ്ങളിലാണ് ഇന്നലെ രോഗബാധ കണ്ടെത്തിയത്.
സഊദിയില്‍ മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ മക്കയിലും മൂന്ന് പേര്‍ മദീനയിലും ഓരോ പേര്‍ വീതം ജിദ്ദ, റിയാദ് എന്നിവിടങ്ങളിലുമാണ്. ഇവരില്‍ ആറ് പേര്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്. റിയാദില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി എന്‍.പി സഫ്‌വാനും മദീനയില്‍ കണ്ണൂര്‍ പൂക്കോം സ്വദേശി പാലക്കണ്ടിയില്‍ ഷബ്‌നാസുമാണ് മരിച്ച രണ്ട് മലയാളികള്‍. ഹറം വികസന ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുംബൈ സ്വദേശിയായ മുഹമ്മദ് ഫാക്കറെ ആലം, ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് അസ്‌ലം ഖാന്‍ (51), മക്കയില്‍ ഹറം പവര്‍ സ്‌റ്റേഷന് കീഴില്‍ ജീവനക്കാരനായ തെലങ്കാന സ്വദേശി അസ്മത്തുള്ള ഖാന്‍ (65), ജിദ്ദയില്‍ ഒരു മാന്‍പവര്‍ കമ്പനിയില്‍ ജീവനക്കാരനായ ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ സ്വദേശി ബദ്‌റെ ആലം (41), മദീനയില്‍ പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ഇലക്ട്രികല്‍ ടെക്‌നീഷ്യനായ മുംബൈ സ്വദേശി ബറകത്ത് അലി അബ്ദുല്‍ ലത്തീഫ് എന്നിവരും മരിച്ചു. ഇവരില്‍ അഞ്ച് പേരുടെ മരണം ഇന്ത്യന്‍ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതില്‍ അസ്‌ലം ഖാന്റെ കുടുംബം ജിദ്ദയിലുണ്ട്. ഇവര്‍ ക്വാറന്റീനില്‍ കഴിയുകയാണ്. മക്കയില്‍ ഇന്നലെ മരിച്ച തെലങ്കാന സ്വദേശി അസ്മത്തുള്ള ഖാന്റെ മയ്യിത്ത് മക്ക കെഎംസിസി ജന.സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ ഏറ്റെടുത്തു ഇന്നലെ ഖബറടക്കി. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മയ്യിത്ത് സാധാരണ ഗതിയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിബന്ധനകള്‍ അനുസരിച്ചാണ് ഖബറടക്കാറുള്ളത്. ഇദ്ദേഹത്തിന്റെ കുടുംബം മുജീബിനെ ചുമതലപ്പെടുത്തിയതനുസരിച്ച് ആ ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് റിയാദില്‍ മരിച്ച സഫ്‌വാന്റെ മയ്യിത്ത് റിയാദ് കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദിഖ് തുവൂരും മദീനയില്‍ മരിച്ച ഷബ്‌നാസിന്റെ മയ്യിത്ത് മദീന കെഎംസിസി നേതാവ് ഷരീഫ് കാസര്‍കോടും ഏറ്റെടുത്ത് ഖബറടക്കിയിരുന്നു.
Home SAUDI ARABIA 1,088 പേര്‍ക്ക് രോഗബാധ: സഊദിയില്‍ കോവിഡ് മരണം 97; മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി