കോവിഡ് 19: പ്രയാസപ്പെടുന്നവര്‍ക്ക് തണലായി ഉമ്മുല്‍ഖുവൈന്‍ കെഎംസിസി

337

ഉമ്മുല്‍ഖുവൈന്‍: കോവിഡ് 19മായി ബന്ധപ്പെട്ട് ഉമ്മുല്‍ഖുവൈന്‍ കെഎംസിസി വളരെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഏരിയാ തലങ്ങള്‍ മുതല്‍ സംസ്ഥാന കമ്മിറ്റി വരെ ഹെല്‍പ് ഡെസ്‌കുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. അതത് മേഖലകളിലുള്ളവരുടെ ഏതാവശ്യവും പരമാവധി പരിഹരിച്ചു കൊടുക്കുന്നു. ദിവസവും നിരവധി പേരാണ് സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്നത്. ജോലി നഷ്ടപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ കിറ്റുകളും മരുന്നുകളും എത്തിച്ചു കൊടുക്കുന്നു. ഉമ്മുല്‍ഖുവൈന്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും പ്രവര്‍ത്തകര്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. കോവിഡ് 19 ബോധവത്കരണം, ചികിത്സാ ആവശ്യവുമായി വിളിക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങി ഏതാവശ്യവും നിവര്‍ത്തിച്ചു കൊടുക്കാന്‍ കെഎംസിസിയുടെ കര്‍മ ഭടന്മാര്‍ രംഗത്തുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവുമായി ഒട്ടേറെ നന്മമരങ്ങളുണ്ടെന്നത് ആവേശകരമാണ്. ആവശ്യപ്പെടാതെ തന്നെ ഇങ്ങോട്ട് വിളിക്കുകയും ഓഫറുകള്‍ അറിയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഹോട്ട്പാക്ക് ജബ്ബാര്‍, നെസ്‌റ്റോ, മലബാര്‍ ഗ്രൂപ് അധികൃതര്‍ അങ്ങനെ നിരവധി മനുഷ്യത്വമുള്ള വ്യക്തിത്വങ്ങളും സ്ഥാപനങ്ങളുമുണ്ട്. ഒപ്പം, സദാ പ്രവര്‍ത്തന നിരതരായി കെഎംസിസി പ്രവര്‍ത്തകരുമുണ്ട്. ഈ സുമനസുകളെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.
കേന്ദ്ര-കേരള സര്‍ക്കാറുകളുടെ പ്രവാസികളോടുള്ള നിസ്സംഗത വളരെ വേദനാജനകം എന്നേ പറയാനാകൂ. സന്ദര്‍ശക വിസയില്‍ വന്ന് തിരിച്ചു പോകാനാവാാതെ ഏറെ പ്രയാസപ്പെടുന്നവര്‍ നിരവധിയാണ്. സന്നദ്ധ സംഘടനകളുടെ സഹായമല്ലാതെ മറ്റൊന്നും അവര്‍ക്കില്ല. സ്ഥിരമായി കഴിക്കുന്ന മരുന്നുകളില്ലാതെ ദുരിതത്തിലായവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് പ്രയാസമനുഭവിക്കുന്നത്. ഇവരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. സര്‍ക്കാര്‍ തുടരുന്ന മൗനം വളരെ ലജ്ജാകരമാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്ന് ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ആവശ്യപ്പെട്ടു. കെഎംസിസി സംസ്ഥാന കമ്മിറ്റി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആക്ടിംഗ് പ്രസിഡന്റ് റാഷിദ് പൊന്നാണ്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അഷ്‌കര്‍ അലി തിരുവത്ര സ്വാഗതം പറഞ്ഞു. ട്രഷറര്‍ റഷീദ് വെളിയങ്കോട്, ഓര്‍ഗ.സെക്രട്ടറി അബ്ദുള്ള താനിശ്ശേരി, വൈസ് പ്രസിഡന്റുമാരായ ഹമീദ് ഹാജി, മുസ്തഫ ചുഴലി, അഷ്‌റഫ് ചിത്താരി, സെക്രട്ടറിമാരായ മുഹമ്മദ് എം.ബി, അസീസ് ചേരാപുരം, സൈനുദ്ദീന്‍ ചിത്താരി, കോയക്കുട്ടി പുത്തനത്താണി, അബ്ദുള്ള അക്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹെല്‍പ് ഡെസ്‌ക് ഭാരവാഹികള്‍ ഇര്‍ഷാദ് ചിറ്റാരിപ്പറമ്പ്, ബഷീര്‍ കല്ലാച്ചി, റാഷിദ് വയനാട്, ഷംസീര്‍ ചെങ്കള, നാസര്‍ ഒതയോത്ത്, അബ്ദുള്ള ഹോട്ട്ബര്‍ഗര്‍, ലത്തീഫ് പുല്ലാട്ട്, റമീസ്, മുനവ്വര്‍ ഫലാജ് എന്നിവര്‍ പങ്കെടുത്തു.