ദുബൈ: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവര്‍ക്കായി സന്നദ്ധ സേവനങ്ങള്‍ അര്‍പ്പിക്കുന്നവര്‍ക്ക് ആശ്വാസമേകി എഎകെ ഗ്രൂപ് ചെയര്മാന് പാറപ്പുറത്ത് ബാവ ഹാജി. രോഗ വ്യാപന മേഖലകളില്‍ സജീവമായി സന്നദ്ധ സേവനങ്ങള്‍ നടത്തി വരുന്ന ദുബൈ കെഎംസിസി, മറ്റു അര ഡസനോളം പ്രവാസി കൂട്ടായ്മകള്‍, കേരളത്തിലെ ഓട്ടേറെ സന്നദ്ധ സംഘങ്ങള്‍ എന്നിവക്കടക്കം കാര്യമായ പിന്തുണയും സഹായവുമാണ് ബാവ ഹാജിയും അദ്ദേഹത്തിന്റെ ഗ്രൂപ്പും നല്കി വരുന്നത്. ദുബൈ കെഎംസിസിയുടെ അല്വര്സാന് ഐസൊലേഷന്‍ പ്രൊജക്ടിലേക്കാണ് ബാവ ഹാജി സഹായം നല്‍കിയിരിക്കുന്നത്. കോവിഡ് 19 മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണവും മറ്റടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനായാണിത്.
അതിനിടെ, കേരളത്തിലെ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും വാടകയും ഈ ദുരിത വേളയില്‍ അദ്ദേഹം ഒഴിവാക്കിക്കൊടുത്തിരുന്നു. നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മൂലം കച്ചവട സ്ഥാപനങ്ങളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് വാടക ഒഴിവാക്കിയ നടപടി വ്യാപാരികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. മലപ്പുറം ജില്ലയിലെ തിരൂര്‍ എഎകെ മാള്‍, കേരളത്തിലെ മറ്റു ജില്ലകളിലുള്ള കെട്ടിടങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വാടകയാണ് ഒഴിവാക്കിക്കൊടുത്തത്. ഇത് മൊത്തം വന്‍ തുക വരും.
അതോടൊപ്പം, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന് സൗകര്യങ്ങള്‍ ഒരുക്കാന്‍ തങ്ങളുടെ വിവിധ സ്ഥാപങ്ങള്‍ വിട്ടു കൊടുക്കാനുള്ള സന്നദ്ധതയും ഗ്രൂപ് അറിയിച്ചിട്ടുണ്ട്. കോവിഡ് 19 മൂലം ദുരിതത്തിലായവര്‍ക്ക് എപ്പോഴും തങ്ങളെ സമീപിക്കാമെന്ന് ബാവ ഹാജിയുടെ മകനും ഗ്രൂപ് എംഡിയുമായ എ.എ.കെ മുസ്തഫ, സിഇഒ മുഹമ്മദലി എന്നിവര്‍ അറിയിച്ചു. ദുബൈ അല്‍അവീറിലെ പഴം-പച്ചക്കറി മാര്‍ക്കറ്റിലെ മൊത്ത വിതരണക്കാരാണ് എഎകെ ഇന്റര്‍നാഷണല്‍ ഗ്രൂപ് ഓഫ് കമ്പനീസ്.