കോവിഡ് ബാധിച്ച് ചങ്ങരംകുളം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

637
കേശവന്‍

റാസല്‍ഖൈമ: കോവിഡ് 19 ബാധിച്ച് മലപ്പുറം ചങ്ങരംകുളം നരണിപ്പുഴ സ്വദേശി കേശവന്‍ (67) റാസല്‍ഖൈമയില്‍ നിര്യാതനായി. നരണിപ്പുഴ മച്ചങ്ങലത്ത് വീട്ടില്‍ ശങ്കരന്‍-നാനി ദമ്പതികളുടെ മകനാണ്. 47 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം റാസല്‍ഖൈമ അല്‍നഖീലില്‍ ഒരു വെജിറ്റബിള്‍ സ്ഥാപനം നടത്തി വരികയായിരുന്നു. പനിയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശ്വാസതടസ്സം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. നാട്ടില്‍ മകന്റെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച് ആദ്യ വാരമാണ് തിരികെ എത്തിയത്. പക്ഷാഘാതം മൂലം നാട്ടില്‍ ചികില്‍സ തേടിയിരുന്ന കേശവന്‍ വിസ പുതുക്കി തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ റാസല്‍ഖൈമയില്‍ കുടുങ്ങുകയാണുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം ലഭിച്ച കോവിഡ് 19 ടെസ്റ്റ് ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അധികൃതരുടെ മേല്‍നോട്ടത്തില്‍ റാസല്‍ഖൈമയിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ഭാര്യ: രാഗിണി. മക്കള്‍: രഹ്‌ന പ്രബിന്‍ (ദുബൈ), റിജു, ആതിര, ധനു, വിപിന്‍. മരുമകന്‍: പ്രബിന്‍ (ദുബൈ).
റാക് കെഎംസിസി റെസ്‌ക്യു ടീമായിരുന്നു ഹോസ്പിറ്റലില്‍ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.