കോവിഡ് 19 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രം ദുബൈ അല്‍നാസര്‍ ക്‌ളബ്ബില്‍ ആരംഭിച്ചു

    ദുബൈ: കോവിഡ് 19 വ്യാപനം തടയാനുള്ള നീക്കങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായുള്ള ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രം ദുബൈ അല്‍നാസര്‍ ക്‌ളബ്ബില്‍ ആരംഭിച്ചു. വാഹനമോടിച്ചെത്തി അഞ്ചു മിനിറ്റ് കൊണ്ട് ടെസ്റ്റ് നടത്താമെന്നതാണ് ഇവിടത്തെ പ്രത്യേകത. നിത്യേന രാവിലെ 8 മുതല്‍ വൈകുന്നേരം 6.30 വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും. കാര്‍ മാറ്റിയിടാതെ തന്നെ വാഹനത്തിലിരുന്നു കൊണ്ട് സൗജന്യമായി ടെസ്റ്റ് നടത്താം. ഫലം 48 മണിക്കൂറിനകം അറിയാമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. പ്രതിദിനം 250 പേര്‍ക്ക് ഇവിടെ ടെസ്റ്റ് നടത്താം. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, ദൃഢനിശ്ചയക്കാര്‍, വിട്ടുമാറ്റാത്ത അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ഇവിടെ ടെസ്റ്റിന് മുന്‍ഗണന നല്‍കും. ഡിഎച്ച്എയുടെ ദുബൈയിലെ ഇത്തരം മൂന്നു കേന്ദ്രങ്ങളിലൊന്നാണിത്. 800 ഡിഎച്ച്എ (800 342) എന്ന ടോള്‍ ഫ്രീയില്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം. രജിസ്റ്റര്‍ ചെയ്താല്‍ കണ്‍ഫര്‍മേഷന്‍ ടെക്‌സ്റ്റ് മെസേജ് ലഭിക്കും. ഡ്രൈവ് ത്രൂ സെന്ററില്‍ ടെക്‌സ്റ്റ് മെസേജും എമിറേറ്റ്‌സ് ഐഡിയും കാണിക്കണം. തുടര്‍ന്ന്, മൂക്കിലെ സ്രവത്തിന്റെ ടെസ്റ്റ് 5 മിനിറ്റ് കൊണ്ട് നടത്തും. ഡിഎച്ച്എ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ‘ലാബ് റിസള്‍ട്ട’ും ‘പേഷ്യന്റ് സര്‍വീസസ’ും ക്‌ളിക്ക് ചെയ്താല്‍ അന്തിമ ഫലം ലഭിക്കും.
    എന്നാല്‍, ഇവിടേക്ക് പുറപ്പെടുന്നതിന് മുന്‍പ് മറ്റൊരു പ്രധാന കാര്യം നിര്‍വഹിക്കേണ്ടതുണ്ട്. വാഹനം രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് നേടണമെന്നതാണ് അത്.

    https://dxbpermit.gov.ae/permits  എന്നതില്‍ നിന്നാണ് അനുമതി നേടേണ്ടത്. ഫെയ്‌സ് മാസ്‌കും കയ്യുറയും ധരിച്ചിരിക്കണം. മൂന്നു പേരില്‍ കൂടുതല്‍ ഒരു വാഹനത്തില്‍ അനുവദിക്കില്ല. പൊലീസ് അന്വേഷിച്ചാല്‍ ടെക്‌സ്റ്റ് മെസേജ് കാണിക്കണം. റഡാര്‍ ഫ്‌ളാഷ് ചെയ്തിട്ടുണ്ടെങ്കില്‍ പിഴയില്‍ നിന്നൊഴിവാകാന്‍ ഈ ടെക്‌സ്റ്റ് മെസേജ് ആവശ്യമാണ്. ഫലം പോസിറ്റീവായാല്‍ അവരെ കണിശമായും ഐസൊലേറ്റ് ചെയ്യിക്കും. മറ്റു നടപടികള്‍ക്കായി ഡിഎച്എ അവരെ സമീപിക്കും. പോസിറ്റീവ് ആയി 24 മണിക്കൂറിനകം ഡിഎച്എ അധികൃതര്‍ ബന്ധപ്പെട്ടില്ലെങ്കില്‍ 800342ല്‍ വിളിക്കേണ്ടതാണ്.