കോവിഡ് 19: താല്‍ക്കാലിക ആശുപത്രികള്‍ മെയ് ആദ്യ വാരം മുതല്‍ പ്രവര്‍ത്തനക്ഷമമാകും

    മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന താല്‍ക്കാലിക കോവിഡ് 19 ആശുപത്രി

    3,400 പേര്‍ക്ക് ചികിത്സാ സൗകര്യം. ശൈഖ് ഖാലിദ് നിര്‍മാണം വിലയിരുത്താനെത്തി

    അബുദാബി: കൊറോണ വൈറസ് ബാധിതരുടെ ചികിത്സ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന താല്‍ക്കാലിക ആശുപത്രികള്‍ അടുത്ത മാസം ആദ്യ വാരത്തില്‍ പ്രവര്‍ത്തന ക്ഷമമാകും. അബുദാബി, ദുബൈ എന്നിവിടങ്ങളിലാ യി 3,400 പേര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യാമാക്കാവുന്ന തരത്തിലാണ് താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മാണം ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദേശ പ്രകാരം നിര്‍മിക്കുന്ന ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് നേരിട്ടെത്തി വിലയിരുത്തി. അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി, നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, ദുബൈ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ സിറ്റി എന്നിവിടങ്ങളിലാണ് താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മക്കുന്നത്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 29,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ആശുപത്രിയില്‍ 1,200 പേര്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ചികിത്സ നല്‍കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ദുബൈയിലും 1,200 പേര്‍ക്ക് അത്യാധുനിക ചികിത്സ നല്‍കാനുള്ള സജ്ജീകരണങ്ങളാണ് പുരോഗമിക്കുന്നത്. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള 200 അംഗ ആരോഗ്യ വിഭാഗമാണ് ഓരോ ആശുപത്രിയിലും സേവനമനുഷ്ഠിക്കുക. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നീക്) 31,000 ചതുരശ്ര മീറ്റര്‍ വിസ് തൃതിയില്‍ സജ്ജമാക്കുന്ന ആശുപത്രിയില്‍ 1,000 പേര്‍ക്കാണ് ചികിത്സാ സൗകര്യമുണ്ടായിരിക്കുക. ഇവിടെ വിദഗ്ധരായ 150 ആരോഗ്യ സേവകരുണ്ടായിരിക്കും. കൊറോണ വൈറസ് വ്യാപനം ചെറുക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനും യുഎഇ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ മൂന്ന് താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മാണം മറ്റൊരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.