കോവിഡ് കാലത്തെ ആശ്വാസ മുഖമായി അബുദാബി കെഎംസിസി

47

അബുദാബി: കോവിഡ് 19 തീര്‍ത്ത ദുരിത കാലത്ത് കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉജ്വല മുഖമായി മാറിയിരിക്കുകയാണ് അബുദാബി കെഎംസിസി. താമസയിടങ്ങളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വരുമാന നഷ്ടത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും കെഎംസിസി സമാശ്വാസത്തിന്റെ തലോടലാവുകയാണ്. വളണ്ടിയറിംഗ്, മെഡിക്കല്‍, ഭക്ഷ്യ വസ്തുക്കള്‍, അടിയന്തിര വിഭാഗം എന്നിങ്ങനെ നാല് സേവന ഗ്രൂപ്പുകളായി അബുദാബി കെഎംസിസി ഈ കോവിഡ് കാലത്ത് സേവന തല്‍പരരായി പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ദിവസങ്ങളിലും അവലോകനം നടത്തുകയും ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്നു. വിവിധ ആവശ്യങ്ങളുമായി ദിനേന നൂറുകണക്കിന് വിളികളാണ് കെഎംസിസിയുടെ ഹെല്‍പ് ഡെസ്‌കില്‍ ലഭിക്കുന്നത്. വിവിധ ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും ഫാര്‍മസികളുടെയും നിര്‍ലോഭ സഹായം കെഎംസിസി ക്ക് ലഭിക്കുന്നുണ്ട്. ആയിരത്തി മുന്നൂറോളം പാകം ചെയ്ത ഭക്ഷണവും ഇരുപതിലേറെ ഇനങ്ങളടങ്ങിയ നൂറോളം പലവ്യഞ്ജന കിറ്റുകളും എല്ലാ ദിവസവും ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നു. കൂടാതെ, സാനിറ്റൈസറുകളും മാസ്‌കും ഗ്‌ളൗസുമടങ്ങിയ ആയിരത്തിധികം പാക്കുകളും ഇതിനകം വിതരണം ചെയ്തു. കെഎംസിസിയുടെ വിവിധ ഘടകങ്ങള്‍ വളരെ സജീവമായി രംഗത്തുണ്ട്. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് കെഎംസിസി നടത്തുന്ന ഈ സേവന പ്രവര്‍ത്തനങ്ങള്‍ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. റമദാനിലും കൂടുതല്‍ സജീവമായി ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.