റിയാദ്: കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത ശേഷം സഊദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദിനമായിരുന്നു ശനിയാഴ്ച. 1132 പേര്‍ക്ക് ശനിയാഴ്ച രോഗനിര്‍ണയം നടത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 8274 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് പേര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ, ആകെ മരിച്ചവരുടെ എണ്ണം 92 ആയി. 1329 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി ആസ്പത്രി വിട്ടതായും അദ്ദേഹം അറിയിച്ചു. മേഖലാടിസ്ഥാനത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ തന്നെയാണ്. ജിദ്ദ, റിയാദ്, മദീന എന്നീ നഗരങ്ങളിലും എണ്ണത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
മക്ക 315, ജിദ്ദ 236, റിയാദ് 225, മദീന 186, ദമ്മാം 88, ജുബൈല്‍ 27, തബൂക്ക് 13, താഇഫ് 10, ഹുഫൂഫ് 6, ബുറൈദ 5, അല്‍കോബാര്‍ 4, ഖുന്‍ഫുദ 4, ദഹ്‌റാന്‍ 2, അബഹ 2, റാസ്തനൂറ 1, അല്‍മുസൈലിഫ് 1, ഖമീസ് മുശൈത്ത് 1, തുറൈബാന്‍ 1, ഉനൈസ 1, ജിസാന്‍ 1, ബുഖൈരിയ 1, ഹാഇല്‍ 1, ജഫര്‍ 1 എന്നിവിടങ്ങളിലാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വിശദീകരിച്ചു. മക്ക, മദീന ഭാഗങ്ങളിലും മറ്റു ചില നഗരങ്ങളിലും താമസ കേന്ദ്രങ്ങളില്‍ കയറി പരിശോധന തുടങ്ങിയതാണ് രോഗബാധിതരുടെ എണ്ണം കൂടാനുളള കാരണം. 740 പേരെ കണ്ടെത്തിയത് ഫീല്‍ഡ് പരിശോധന വഴിയാണെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.
ശനിയാഴ്ച മുതല്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയിലെ രണ്ട് ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം എന്നീ സുപ്രധാന നഗരങ്ങളിലും മറ്റു ചില നഗരങ്ങളിലും നേരത്തെ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുണ്ട്. രോഗബാധ കൂടുതല്‍ റിപ്പോര്‍ട് ചെയ്യുന്ന ഏരിയയില്‍ ഉടന്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങള്‍ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. സഊദിയുടെ തെക്കു-പടിഞ്ഞാറന്‍ നഗരമായ ജിസാന്‍ പ്രവിശ്യയില്‍ പെട്ട സാംത്ത, അല്‍ ദായര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ എല്ലാ നഗരങ്ങളിലും കര്‍ഫ്യൂ സമയത്ത് യാത്ര ചെയ്യുന്നവര്‍ക്കും താമസ സ്ഥലത്ത് നിന്നു വിട്ടു പോകുന്നവര്‍ക്കും ഏകീകൃത കര്‍ഫ്യൂ പാസ് നിര്‍ബന്ധമാക്കി. റിയാദിലും മക്കയിലും മദീനയിലും ഈ സംവിധാനം നേരത്തെ നടപ്പാക്കിയിരുന്നു. ഇപ്പോള്‍ രാജ്യമൊട്ടാകെ നിയമം നടപ്പാക്കുന്നതിലൂടെ കര്‍ഫ്യൂ ശക്തമാക്കുകയാണ് അധികൃതര്‍. കര്‍ഫ്യൂവില്‍ ഇളവ് ലഭിക്കുന്ന വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഏകീകൃത പാസ്. മറ്റുളളവര്‍ തീരെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങി പിടിയില്‍ പെട്ടാല്‍ ആദ്യ തവണ പതിനായിരം റിയാലും രണ്ടാം തവണ ഇരുപതിനായിരവും മൂന്നാം തവണ ജയില്‍ വാസവുമാണ് ശിക്ഷയായി നല്‍കുന്നത്.
Home SAUDI ARABIA സഊദിയില്‍ 1329 പേര്‍ക്ക് രോഗം ഭേദമായി; 5 പേര്‍ കൂടി മരിച്ചു, 1132 പേര്‍ക്ക് രോഗനിര്‍ണയം