കോവിഡ് 19: ജാഗ്രതയോടെ ദുബൈ കെഎംസിസി

ദുബൈ: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ഭീതിയും ആശങ്കയും വിതച്ച് കോവിഡ് 19 വ്യാപിക്കുകയാണ്.ലോകമാകെ അടച്ച് പൂട്ടിയിരിക്കുന്ന ഈ ഘട്ടത്തില്‍ പരസ്പര സഹായ-സഹകരണ-അന്വേഷണ-പരിചരണ ബന്ധങ്ങള്‍ ഏവര്‍ക്കും അനിവാര്യമാണ്. ദിനേനയും മാസാന്തവുമൊക്കെ കൂലിവേല ചെയ്യുന്നവര്‍ക്ക് കഷ്ടതയും പട്ടിണിയും വരെ വരാന്‍ സാധ്യതയുള്ള ഘട്ടമാണിത്. യുഎഇയില്‍, വിശിഷ്യാ ദുബൈയില്‍ ഈ വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പഴുതുകളടച്ച് ജാഗ്രതയോടെ പ്രവര്‍ത്തിച്ചു വരികയാണ്. ദേര പോലെ ജനനിബിഢമായ ഭാഗങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് രോഗികളെയും കൂടെ താമസിച്ചവരയും ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ താമസിപ്പിക്കാന്‍ ദുബൈ ഹെല്‍ത് അഥോറിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരം സേവനങ്ങളില്‍ പങ്കാളികളാവാന്‍ കെഎംസിസിക്ക് കഴിഞ്ഞതില്‍ ഓരോ പ്രവര്‍ത്തകനും അഭിമാനിക്കാവുന്നതാണ്. ദുബൈ കെഎംസിസിയെ ചേര്‍ത്ത് പിടിച്ചത് തന്നെ പ്രവാസി സമൂഹത്തിന് ദുബൈ സര്‍ക്കാര്‍ നല്‍കുന്ന പരിഗണയും സ്‌നേഹവും പ്രകടമാക്കുന്നതാണെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
മാതൃകാ സേവനങ്ങളില്‍ സംഘടനക്ക് ഊര്‍ജം പകരുകയും തണലായി വര്‍ത്തിക്കുകയും ചെയ്ത ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. അന്‍വര്‍ അമീന്‍, പൊയില്‍ അബ്ദുല്ല, മുസ്തഫ ഖവാനീജ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
നിലനില്‍ക്കുന്ന ഭീതിദ സാഹചര്യത്തെ ക്ഷമയോടും ആത്മീയ ചിട്ടകളോടും കൂടി നിയമ വ്യവസ്ഥയെ പൂര്‍ണമായി അംഗീകരിച്ചും പാലിച്ചും നേരിടണമെന്ന് പ്രവര്‍ത്തകരോട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്ഷണമുള്‍പ്പെടെ അടിസ്ഥാന കാര്യങ്ങളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഇതിനകം തന്നെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ക്കും പോസിറ്റീവ് രേഖപ്പെടുത്തപ്പെട്ടവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ ഹെല്‍പ് ഡസ്‌കില്‍ സംവിധാനം ചെയ്തിട്ടുണ്ട്. വൈറസ് വ്യാപ്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഘടകങ്ങളുള്‍പ്പെടെ ഹെല്‍പ് ഡസ്‌ക് ആരംഭിക്കണമെന്നും പ്രവര്‍ത്തകരെല്ലാം ജാഗ്രതയോടെ സേവന വഴിയില്‍ മുഴുകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തികച്ചും സാമൂഹിക അകലം പാലിച്ച് അല്‍വര്‍സാനില്‍ ചേര്‍ന്ന ഭാരവാഹികളുടെ പ്രത്യേക യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു.
പി.കെ അന്‍വര്‍ നഹ, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, റഈസ് തലശ്ശേരി, എന്‍.കെ ഇബ്രാഹിം, ഒ.മൊയ്തു, മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര സംബന്ധിച്ചു. മുസ്തഫ തിരൂര്‍ സ്വാഗതം പറഞ്ഞു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, ജന.സെക്രട്ടറി, ഖജാഞ്ചിമാര്‍ എന്നിവരടങ്ങിയ ദുബൈ കെഎംസിസി കോവിഡ് 19 ക്രൈസിസ് മാനേജ്‌മെന്റ് സമിതിക്ക് രൂപം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനും സഹായങ്ങള്‍ ഉറപ്പ് വരുത്താനും ഹംസ തൊട്ടി (050 4548359), അഡ്വ. സാജിദ് അബൂബക്കര്‍ (050 5780225), 04 2957744), മുഹമ്മദ് പട്ടാമ്പി (056 7892662), റഈസ് പി.വി (050 6769879), അഡ്വ. ഇബ്രാഹിം ഖലീല്‍ (055 8703836) എന്നിവരെ ചുമതലപ്പെടുത്തി. ഹെല്‍പ് ഡെസ്‌ക് വളണ്ടിയര്‍ വിംഗ് കണ്‍വീനറായി ഷബീര്‍ കീഴൂരിനെ(056 4042550, (055 1896739)യും തെരഞ്ഞെടുത്തു.

ഭയപ്പെടേണ്ട; ആത്മവിശ്വാസം പകരാന്‍
കെഎംസിസി കൗണ്‍സലിംഗ് വിംഗ് സജ്ജം
ദുബൈ: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് ആത്മ വിശ്വാസം പകരാനും കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും കെഎംസിസി കൗണ്‍സലിംഗ് വിഭാഗം മുഴുസമയ സേവനത്തിന് സജ്ജമായി. ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി കമ്മിറ്റിയാണ് കൗണ്‍സലിംഗ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ഡോക്ടര്‍മാര്‍, മനഃശാസ്ത്ര വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കൗണ്‍സലിംഗ് രംഗത്തെ പ്രൊഫഷണലുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗ്രൂപ്പ്. കോവിഡ് 19 ബാധിച്ചവര്‍, ആശ്രിതര്‍, കൂടെ താമസിക്കുന്നവര്‍, മാനസിക സമ്മര്‍ദമോ കടുത്ത ഏകാന്തതയോ സങ്കടമോ പിടിപെട്ടവര്‍, പലവിധ സംശയങ്ങള്‍ വേട്ടയാടുന്നവര്‍ എന്നിവര്‍ക്കെല്ലാം കൗണ്‍സലിംഗ് ടീമിനെ ഏത് നേരത്തും വിളിക്കാം.
ഡോ. പി.എ റാഷിദ്, ഡോ. ഹസീബ്, ഡോ. ഹുമൈറ, ഡോ. ഷിഫാ മുഹമ്മദ് കുഞ്ഞി, ഡോ. സിനാന്‍, ഡോ. സലീഷ്, ഡോ. ഷാനിദ് ഉസ്മാന്‍, കൗണ്‍സില്‍ രംഗത്തെ പ്രൊഫഷനലുകളായ ഷെറിന്‍ തോമസ്, നന്ദു അരവിന്ദ്, ആന്‍സി ബാബു തുടങ്ങിയവരാണ് കൗണ്‍സലിംഗ് സേവനം നടത്തുന്നത്. നോര്‍ത്ത് വെസ്റ്റ് ക്‌ളിനിക് ഡയറക്ടര്‍ ഷൗക്കത്തലി മാതോടം, ബ്രില്യന്‍സ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷദ് എ.കെ, ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി ജന.സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി, ഫൈസല്‍ മാഹി, തന്‍വീര്‍ എടക്കാട് എന്നിവര്‍ കൗണ്‍സലിംഗ് സെന്ററിന് നേതൃത്വം നല്‍കുന്നു. കേസുകളുടെ ഗൗരവമനുസരിച്ച് ഡോക്ടറുമായോ മനഃശാസ്ത്രജ്ഞരുമായോ ഡിസ്‌കഷനുള്ള സൂമിംഗ് സൗകര്യം കൂടി ഒരുക്കിയതായി കോഓര്‍ഡിനേറ്റര്‍ റഹ്ദാദ് മൂഴിക്കര അറിയിച്ചു.
യുഎഇയിലുള്ള ആര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വിളിക്കാവുന്ന നമ്പറുകള്‍: 055 305 1143, 055 928 9617, 055 9007923, 052 745 6194, 055 700 9575.