സിഎം കോവിഡ് 19 ദുരിതാശ്വാസ നിധി: കല്യാണ്‍ സില്‍ക്‌സ് ഒരു കോടി നല്‍കി

ദുബൈ: കോവിഡ് 19നെതിരായ സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്ത നങ്ങളില്‍ അണി ചേരുന്നതിന്റെ ഭാഗമായി കല്യാണ്‍ സില്‍ക്‌സ് മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. ഈ മഹാമാരിയുടെ ആരംഭം മുതല്‍ തന്നെ സഹായ ഹസ്തവുമായി കല്യാണ്‍ സില്‍ക്‌സ് മുന്‍പന്തിയിലുണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ സന്നദ്ധ സംഘടനകളുമായി കൈ കോര്‍ത്താണ് കല്യാണ്‍ സില്‍ക്‌സ് സഹായമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഭാവന വഴി സംസ്ഥാന ജനങ്ങളോടുള്ള പ്രതിബദ്ധത കല്യാണ്‍ സില്‍ക്‌സ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ചെയര്‍മാനും എംഡിയുമായ ടി.എസ് പട്ടാഭി രാമന്‍ പറഞ്ഞു. 2018ല്‍ മഹാ പ്രളയം കേരളത്തെ ഉലച്ചപ്പോള്‍ നാലു കോടി രൂപയോളം സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്യാണ്‍ സില്‍ക്‌സ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമെ, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കല്യാണിന്റെ നിരവധി ജീവനക്കാരുടെ വീടുകളുടെ പുനര്‍നിര്‍മാണത്തിന് മുന്‍കയ്യെടുത്തിരുന്നു. വാണിജ്യ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിലും 5,000ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തിലെ ശമ്പളം മുഴുവനായി തന്നെ നന്‍കാന്‍ കല്യാണ്‍ സില്‍ക്‌സിന് കഴിഞ്ഞിട്ടുണ്ട്.