കോവിഡ് 19: കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ദുബൈ കെഎംസിസി

56

ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് ദുബൈ ഗവണ്‍മെന്റ് അംഗീകാരത്തോടെയുള്ള പ്രൊജക്ടില്‍ ദുബൈ കെഎംസിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവാര്‍ന്ന നിലയില്‍ മുന്നേറുന്നു. ആയിരക്കണക്കിനാളുകള്‍ക്ക് സൗകര്യപ്പെടുന്ന ഐസൊലേഷന്‍ കേന്ദ്രം ഇതില്‍ എടുത്തു പറയേണ്ടതാണ്. അല്‍വര്‍സാനിലെ ഐസോലേഷന്‍ സെന്റര്‍ ദുബൈ സര്‍ക്കാറിന്റെ അംഗീകൃത പദ്ധതിയാണ്. ഈ പദ്ധതി പ്രാവര്‍ത്തികമാക്കാനും മറ്റനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ദുബൈ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീനും പൊയില്‍ അബ്ദുല്ല, ഡോ. അന്‍വര്‍ അമീന്‍, മുസ്തഫ ഖവാനീജ് തുടങ്ങിയവരുമാണ്. ഇവിടെ വളണ്ടിയറിംഗും ഹെല്‍പ് ഡെസ്‌ക് അടക്കമുള്ള മറ്റു സേവനങ്ങളും സ്തുത്യര്‍ഹമായി നിര്‍വഹിച്ചു വരുന്നത് ദുബൈ കെഎംസിസി നേതൃത്വത്തിലാണ്. ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങരയുടെ നേതൃത്വത്തില്‍ കെഎംസിസി പ്രവര്‍ത്തകര്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സദാ പ്രവര്‍ത്തന നിരതമാണിവിടെ. ഷബീര്‍ കീഴൂരിന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക്, വളണ്ടിയര്‍ പ്രവര്‍ത്തനങ്ങളും സദാ സജീവമാണ്. ആവശ്യക്കാര്‍ക്ക് മെഡിക്കല്‍ സഹായങ്ങളും ഭക്ഷണവും മറ്റും ദുബൈ സര്‍ക്കാറിന്റെയും ഹെല്‍ത്ത് അഥോറിറ്റിയുടെയും പൊലീസിന്റെയും സഹകരണത്തില്‍ 50 അംഗ കെഎംസിസി വളണ്ടിയര്‍ ടീം അപ്പപ്പോള്‍ എത്തിച്ചു കൊടുക്കുന്നു. സ്വന്തം ആരോഗ്യവും സുരക്ഷയും പോലും മറന്നു കൊണ്ടാണ് കെഎംസിസി വളണ്ടിയര്‍മാരും പ്രവര്‍ത്തകരും കോവിഡ് 19നെതിരായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്. മാര്‍ച്ച് 19 മുതല്‍ നാട്ടില്‍ നിന്നും സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും ആവശ്യമായ ഉപദേശ-നിര്‍ദേശങ്ങളും സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നേതൃത്വം നല്‍കുന്നു.
ഇതര പ്രസ്ഥാനങ്ങള്‍ക്കൊന്നും എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലും മികവിലുമുള്ള പ്രവര്‍ത്തനങ്ങളാണ് ദുബൈ ഹെല്‍ത്ത് അഥോറിറ്റി, ദുബൈ പൊലീസ് എന്നിവയുടെ സഹകരണത്തില്‍ കെഎംസിസി നിര്‍വഹിച്ചു വരുന്നത്.
കെഎംസിസിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് സന്ദിഗ്ധ ഘട്ടത്തിലെ ഈ പ്രവര്‍ത്തനങ്ങളെന്നും അതിന് നേതൃത്വം നല്‍കുന്ന ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീനെയും മറ്റു നേതാക്കളെയും വളണ്ടിയര്‍ ടീമംഗങ്ങളെയും ഹെല്‍പ് ഡെസ്‌ക് ടീം മെംബര്‍മാരെയും മുക്തകണ്ഠം പ്രശംസിക്കുന്നുവെന്നും ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു.