കോവിഡ് 19: കാലാവധി കഴിഞ്ഞ വിസകളുടെ പിഴ വര്‍ഷാവസാനം വരെ യുഎഇ ഒഴിവാക്കുന്നു

ദുബൈ: കാലാവധി കഴിഞ്ഞ വിസകളുടെ പിഴ ഈ വര്‍ഷാവസാനം വരെ ഒഴിവാക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിമോട്ട് കാബിനറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്.നടത്തിയത്. മറ്റു തീരുമാനങ്ങളും കാര്യങ്ങളും അംഗീകരിച്ചതിന് പുറമെ, ആരോഗ്യ മേഖലയെ പിന്തുണക്കാന്‍ തദ്ദേശ ഫാക്ടറികളോട് കാബിനറ്റ് നിര്‍ദേശിക്കുകയും ചെയ്തു. അവശ്യ സാധനങ്ങളുടെ മതിയായ സംഭരണം ഊര്‍ജിതപ്പെടുത്താന്‍ ബന്ധപ്പെട്ട അധികൃതരോട് മന്ത്രിസഭ ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ പ്രതിസന്ധി ഒരു ടീമായി യുഎഇ കൈകാര്യം ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
”ഇന്ന് യുഎഇ ഒരു ടീമായി ചലിക്കുകയും ഒരു കുടുംബമായി സഹകരിക്കുകയും ചെയ്യുന്നു. ലോകം ഇന്നഭിമുഖീകരിക്കുന്ന ഈ അസാധാരണ കാലയളവിനെ മുഴുവന്‍ വ്യക്തികളും ഒരാള്‍ മറ്റൊരാളെ സഹായിച്ചും പിന്തുണച്ചും കൊണ്ട് നാം മറികടക്കും. ഈയൊരു ആദര്‍ശത്തിനും, ഈ സുരക്ഷിത രാഷ്ട്രത്തിനും, ഇത്രയും മഹത്വത്തിലും ഐക്യത്തിലുമുള്ള ജനതക്കും വേണ്ടി നാം അല്ലാഹുവിന് നന്ദി പറയുന്നു” -ശൈഖ് മുഹമ്മദ് ട്വീറ്റില്‍ പറഞ്ഞു.
സര്‍ക്കാറിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും നടപടികളും കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അവയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ മാനസികാരോഗ്യം സംബന്ധിച്ചും എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ സംബന്ധിച്ചും ഫെഡറല്‍ കരട് നിയമം നാം അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ വിവര സാങ്കേതികതയുടെ ഉപയോഗത്തിന്മേലുള്ള മറ്റു നടപടിക്രമങ്ങളും നാം അംഗീകരിച്ചുവെന്നും അദ്ദേഹം ട്വീറ്റില്‍ വിശദീകരിച്ചു.