ദുബൈ: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈ ഗവണ്മെന്റിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ യുഎഇ എസ്കെഎസ്എസ്എഫിന്റെ 200ല്‍ പരം വിഖായ വളണ്ടിയര്‍മാര്‍ പങ്കാളികളായി.
വളണ്ടിയര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് മുഹമ്മദ് മത്വാര്‍, സാബീല്‍ പാലസ് ഡയറക്ടര്‍ ഹാരിബ് ബിന്‍ സുബൈഹി അല്‍ ഫലാസി എന്നിവര്‍ സംസാരിച്ചു. ”ഈ രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമാരോഗ്യങ്ങള് ഉറപ്പ് വരുത്താന്‍ ഇവിടത്തെ നേതൃത്വവും ഭരണകൂടവും പ്രതിജ്ഞാബദ്ധവും പരിപൂര്‍ണ സജ്ജവുമാണ്. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് വിഖായ നടത്തുന്ന സേവനങ്ങള്‍ നിങ്ങളിലും കുടുംബത്തിലും നന്മകള് പ്രദാനം ചെയ്യും.
നിങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണ്. നിങ്ങളീ രാജ്യത്തിന് വേണ്ടി ഉത്തരവാദിത്തമേറ്റെടുത്തത് പോലെ നിങ്ങള്‍ക്ക് മേല്‍ ഞങ്ങളും കടപ്പെട്ടിരിക്കുന്നു” -അദ്ദേഹം വ്യക്തമാക്കി. റീജന്‍സി ഗ്രൂപ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, അല്‍ മദീന ഗ്രൂപ് ചെയര്മാന് അബ്ദുല്ല പൊയില്‍, എം.എല്‍ മുസ്തഫ ഹാജി കൊരട്ടിക്കര തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്ര്വത്വം നല്കി. യുഎഇ എസ്കെഎസ്എസ്എഫ് പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങള്‍, ദുബൈ സുന്നി സെന്റര്‍ ജന.സെക്രട്ടറി ഷൗക്കത്ത് അലി ഹുദവി, നാഷണല്‍ കമ്മിറ്റി നേതാക്കളായ റസാഖ് വളാഞ്ചേരി, ഹൈദറലി ഹുദവി, ശറഫുദ്ദീന്‍ ഹുദവി, അശ്റഫ് ദേശമംഗലം, സി.സി മൊയ്തു, വിഖായ കണ്‍വീനര്‍ ഹസന് രാമന്തളി നേതൃത്വം നല്കി. വിവിധ സോണല്‍ നേതാക്കളായ ഹക്കീം ടി.പി.കെ, ജലീല്‍ എടക്കുളം, ശാഹുല്‍ ഹമീദ് ചെമ്പരിക്ക, ഫാസില്‍ മൊട്ടമ്മല്‍, ഹുസൈന് പുറത്തൂര്‍ റാസല്‍ഖൈമ, മുനീര്‍ അജ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു.