നായിഫില്‍ കര്‍മ നിരതരായി കെഎംസിസി വളണ്ടിയര്‍ സേന

66

ദുബൈ: കോവിഡ് 19 മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നായിഫ്,അല്‍റാസ് ഏരിയകളില്‍ കെഎംസിസി വളണ്ടിയര്‍ സേവനം പ്രശംസനീയമായി മുന്നേറുന്നു. വതനി അല്‍ ഇമാറാത്ത് ഫൗണ്ടേഷന് കീഴില്‍ ‘ഡേ ഫോര്‍ ദുബൈ’ വളണ്ടിയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നൂറോളം കെഎംസിസി വളണ്ടിയര്‍മാര്‍ സേവന നിരതരായിരിക്കുന്നത്. ഹെല്‍പ് ഡെസ്‌ക്, റെസ്‌ക്യു വിംഗ്, ഭക്ഷണ വിതരണ വിഭാഗം, മെഡിക്കല്‍ വിംഗ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ച് കേഡര്‍ സ്വഭാവത്തോടെയുള്ള കെഎംസിസിയുടെ സേവനം ഗവണ്‍മെന്റ് തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ദിനംപ്രതി 25,000ത്തിലധികം പാകം ചെയ്ത ഭക്ഷണ കിറ്റുകളാണ് ലോക്ക്ഡൗണ്‍ ഏരിയകളില്‍ മാത്രം വിതരണം ചെയ്തു വരുന്നത്. ഇന്ത്യന്‍ സമൂഹങ്ങള്‍ക്ക് പുറമെ, പാക്കിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കെഎംസിസിയുടെ കീഴില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നു. നായിഫ് നഗരത്തെ 15 ഏരിയകളായി തിരിച്ച് ലീഡര്‍മാര്‍ക്ക് കീഴിലും അതത് പ്രദേശത്തെ അപാര്‍ട്‌മെന്റുകളില്‍ നിന്നുള്ള ആവശ്യക്കാരെ കണ്ടെത്തി രണ്ടു നേരവും ഭക്ഷണം റൂമുകളില്‍ എത്തിച്ച് നല്‍കുന്നത് മൂലം ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്. കൂടാതെ, ലോക്ക്ഡൗണ്‍ ഏരിയകളിലും പുറത്തുമായി പാകം ചെയ്യാനാവശ്യമായ 5,000ത്തിലധികം ഭക്ഷണ കിറ്റുകള്‍ സജ്ജമായിക്കൊണ്ടിരിക്കുന്നു. റെസ്‌ക്യു വിംഗ് മുഖേന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് ഹോസ്പിറ്റലിലേക്ക് മാറാനാവശ്യമായ സഹായങ്ങളും പ്രൈമറി കോണ്‍ടാക്റ്റുള്ളവര്‍ക്ക് വിശ്രമത്തിനാവശ്യമായ സഹായങ്ങളും ചെയ്ത് വരുന്നുണ്ട്. ഇതിനകം 800ലധികം പോസിറ്റീവ് കേസുകള്‍ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റി. അത്യാവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നു.
അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, ഷബീര്‍ കീഴൂര്‍, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, റാഫി പള്ളിപ്പുറം, സി.എ ബഷീര്‍ പള്ളിക്കര, ഇസ്മായില്‍ നാലാംവാതുക്കല്‍ പി.ഡി നൂറുദ്ദീന്‍, ഹനീഫ് കട്ടക്കാല്‍, അസ്‌കര്‍ ചൂരി, അസീസ് കമാലിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാസര്‍കോട് ജില്ലാ കെഎംസിസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.