കോവിഡ് 19നെ നേരിടാന്‍ ആസ്റ്റര്‍ കേരളത്തിന് പിന്തുണാ പാക്കേജ് പ്രഖ്യാപിച്ചു

25

ദുബൈ: കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കാന്‍ കേരള സംസ്ഥാന സര്‍ക്കാറിനെ പിന്തുണക്കാനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ കേരള സംസ്ഥാനവുമായി കൈ കോര്‍ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പിന്തുണാ പാക്കേജ് പ്രഖ്യാപിച്ചത്.
പാക്കേജിന്റെ വിശദാംശങ്ങള്‍ താഴെ പറയുന്നവയാണ്:
1. കോവിഡ് 19 നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള കേരള സര്‍ക്കാറിന്റെ മികച്ച ശ്രമങ്ങളെ പിന്തുണക്കാനായി ആസ്റ്റര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സംഭാവന നല്‍കും. 2. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍, വയനാട് എന്നിവിടങ്ങളില്‍ ആസ്റ്ററിന് ആശുപത്രികളുണ്ട്. വിദഗ്ധ പരിചരണത്തിനായി സര്‍ക്കാര്‍ അധികാരികള്‍ നിര്‍ദേശിച്ചയക്കുന്ന രോഗികളെ സ്വീകരിക്കാനായി ആസ്റ്റര്‍, ഈ ആശുപത്രികളില്‍ 750 കിടക്കകള്‍ സമര്‍പ്പിക്കും. 3. ആസ്റ്ററിന്റെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികള്‍ക്ക് ചുറ്റും ഹോട്ടല്‍, അപാര്‍ട്‌മെന്റ് ഉടമകളുടെ സഹകരണത്തോടെ കോവിഡ് ബാധ സംശയിക്കുന്നവര്‍ക്കും പോസിറ്റീവ് ആയവര്‍ക്കുമായി ഐസോലേഷന്‍/നിരീക്ഷണ മുറികള്‍ ഉള്‍പ്പെടുന്ന ക്‌ളസ്റ്റര്‍ സംവിധാനം ഒരുക്കാന്‍ സര്‍ക്കാറുമായി കൂടിയാലോചനകള്‍ നടത്തി യോജിച്ച് പ്രവര്‍ത്തിക്കും. ആസ്റ്ററിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഈ ക്‌ളസ്റ്റര്‍ സൗകര്യങ്ങളില്‍ ആരോഗ്യപരിചരണം നല്‍കും. 4. കോവിഡ് വൈറസ് ബാധ സംശയിച്ച് പരിഭ്രാന്തിയിലായവര്‍ക്കും കണ്‍സള്‍ട്ടേഷന്‍ തേടുന്ന രോഗികള്‍ക്കുമായി ആസ്റ്റര്‍ ഇതിനകം തന്നെ ടെലി ഹെല്‍ത് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റര്‍ യൂണിറ്റുകളുടെയും വെബ്‌സൈറ്റിലൂടെയും കോള്‍ സെന്ററുകളിലൂടെയും ലഭ്യമാക്കാന്‍ സാധിക്കും.
5. കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ ഐസിഎംആര്‍ അംഗീകരിച്ച സ്വകാര്യ മേഖലയിലെ 2 ലാബുകളില്‍ ഒന്നാണ് ആസ്റ്റര്‍ മിംസ് കോഴിക്കോട്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.