മരിച്ചത് ഒറ്റപ്പാലം, പത്തനംതിട്ട സ്വദേശികള്‍
ദുബൈ: കോവിഡ് ബാധിച്ച് യുഎഇയില്‍ ഇന്നലെ രണ്ടു മലയാളികള്‍ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ കീരുകുഴി സ്വദേശി കീരുകുഴി തടത്തില്‍ വിളയില്‍ കോശി സക്കറിയ (മനോജ് -51) എന്നിവരാണ് മരിച്ചത്.
അഹമ്മദ് കബീര്‍ ചുമയും ശ്വാസടസ്സവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. ആദ്യ കോവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. വീണ്ടും അസുഖമുണ്ടാവുകയും മാറി മാറി ഡോക്ടറെ കണ്ട് ചികില്‍സിച്ചു വരികയുമായിരുന്നു. ഇതിനിടക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ച അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ദുബൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവസാന ടെസ്റ്റില്‍ കോവിഡ് 19 പോസിറ്റീവായിരുന്നു. പിതാവ്: മുളക്കല്‍ കമ്മുകുട്ടി. മാതാവ്: ഖദീജ. ഭാര്യ: സജില. മക്കള്‍: ഫെബിന്‍, ഫസ്‌ന, ഫഹ്മ. സഹോദരങ്ങള്‍: മുഹമ്മദ് അലി (അല്‍ ഐന്‍), നസീമ. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ അല്‍ഖൂസില്‍ ഖബറടക്കും.
ശ്വാസതടസ്സം മൂലം ദുബൈ ഇറാനിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു കോശി സക്കറിയയെ. അല്‍ജാന്‍ പ്രിന്റിംഗ് പ്രസ്സ് പാര്‍ട്ണറായിരുന്നു. വി.എസ് കോശിയുടെയും കുഞ്ഞുമോള്‍ കോശിയുടെയും മകനാണ്. ഭാര്യ മാവേലിക്കര മെഴുവേലില്‍ എലിസബത്ത് സക്കറിയ ദുബൈ വെല്‍കെയര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. മകള്‍ ഷെറിന്‍ സക്കറിയ. സഹോദരി: മിനി മോന്‍സി. മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കും.