അടുത്തഘട്ടം നിര്‍ണ്ണായകം: സഊദി 

178

മുറാസില്‍

റിയാദ് :നിര്‍ണ്ണായകമാണ് അടുത്തഘട്ടമെന്ന് സഊദി ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു.
കോവിഡ് പകര്‍ച്ചവ്യാധി തടയാന്‍ ഏതറ്റം വരെയും പോകുമെന്നും കര്‍ശനമായ നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പതിനായിരത്തിനും രണ്ട് ലക്ഷത്തിനുമിടയില്‍ കോവിഡ് ബാധിതരുടെ എണ്ണം എത്തിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. സൂക്ഷ്മതയില്ലാത്ത വിധത്തിലുള്ള ജനങ്ങളുടെ സഞ്ചാരമാണ് കര്‍ഫ്യൂ ദീര്‍ഘിപ്പിക്കാനും വ്യാപിക്കാനും ഇടയാക്കിയത്. എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന സന്ദേശം പൊതുസമൂഹത്തില്‍ പലരും ഉള്‍ക്കൊണ്ടില്ല. പരസ്പര കൂടികാഴ്ചകളും സമ്പര്‍ക്കവും പാടില്ലെന്ന നിര്‍ദേശവും പലരും അവഗണിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ . അടുത്ത ഘട്ടം കൂടുതല്‍ സങ്കീര്ണമാകുമെന്ന തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ വാക്കുകള്‍ അടിവരയിട്ട മന്ത്രി ലോക രാജ്യങ്ങള്‍ക്ക് മാതൃകയാവുന്ന നിയന്ത്രണങ്ങള്‍ക്കാണ് സഊദി തുടക്കമിട്ടതെന്നു വ്യക്തമാക്കി.

ഉംറകര്‍മ്മം വിലക്കിയതും ഇരു ഹറമുകളിലെ നിയന്ത്രണങ്ങളും രാജ്യത്തെ പള്ളികളില്‍ ജുമുഅയടക്കം നിസ്‌കാരങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കിയതും വിദേശ ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും തൊഴിലാളികള്‍ക്ക് അവധി നല്‍കിയതും സ്‌കൂളുകള്‍ അടച്ചതും മാളുകളും പാര്‍ക്കുകളും കൊമേര്‍ഷ്യല്‍ സെന്റററുകളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി ക്ലിനിക്കുകളും അനിശ്ചിത കാലത്തേക്ക് അടച്ചതും രാജ്യമൊട്ടുക്കും കര്‍ഫ്യൂ പ്രഖ്യാപിച്ചതും എല്ലാം സാമൂഹ്യ വ്യാപനം തടയാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ സമൂഹത്തിലെ ചിലര്‍ വിലക്കുകള്‍ ലംഘിച്ചുവെന്ന് മാത്രമല്ല ഈ മഹാമാരിയുടെ ഗൗരവം ഉള്‍ക്കൊള്ളുക പോലും ചെയ്തില്ല എന്ന കാര്യം വേദനയോടുകൂടി പങ്കുവെക്കുന്നെന്ന് മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു .

കോവിഡ് ചികിത്സക്ക് വേണ്ടി പതിനഞ്ച് ബില്യണ്‍ റിയാല്‍ മാറ്റി വെച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
മികച്ച മെഡിക്കല്‍ സൗകര്യങ്ങളാണ് രാജ്യത്തെ വിവിധ ആതുരാലയങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. എണ്‍പതിനായിരം ബെഡ്ഡുകളും എട്ടായിരം ഇന്റെന്‍സീവ് കെയര്‍ യൂണിറ്റുകളും രണ്ടായിരം ഐസൊലേഷന്‍ ബെഡുക്കളും എട്ടായിരത്തിലധികം വെന്റിലേറ്ററുകളും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണ് .
കൃത്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയങ്ങള്‍ നേരിട്ടും സന്നദ്ധ സംഘടനകള്‍ വഴിയും ചെയ്യുന്നുണ്ട്. വിദേശികള്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ മുന്നറിയിപ്പുകള്‍ ലേബര്‍ കേമ്പുകളിലടക്കം വിതരണം ചെയ്യുന്നുണ്ട് . കൂടാതെ സോഷ്യല്‍ മീഡിയ വഴിയും മൊബൈല്‍ കമ്പനികള്‍ വഴിയും ശ്കതമായ കാമ്പയിനാണ് രാജ്യത്ത് നടക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു .