മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തില്‍ നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂവിന്റെ സമയം വീണ്ടും ദീര്‍ഘിപ്പിച്ചു. തുടക്കത്തില്‍ 11 മണിക്കൂറായാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് 13 മണിക്കൂറായി ദീര്‍ഘിപ്പിച്ചതാണ് ഇപ്പോള്‍ വീണ്ടും മാറ്റം വരുത്തിയത്. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂവിന്റെ സമയം നീട്ടാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തില്‍ നിലവിലെ 13 മണിക്കൂര്‍ എന്നത് വൈകുന്നേരം നാല് മണി മുതല്‍ രാവിലെ 8 മണി വരെ, 16 മണിക്കൂറായാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 20ന് അവസാനിച്ച ജലീബിലെയും മഹ്ബൂലയിലെയും ലോക്ക്ഡൗണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതായും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം പറഞ്ഞു. റമദാന് ശേഷം മെയ് 31നായിരിക്കും സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. അതേസമയം, റമദാന് മാസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വൈകുന്നേരം 5 മുതല്‍ രാത്രി ഒരു മണി വരെ വരെ ഹോം ഡെലിവറിക്കുള്ള അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.