വേദനാജനകമെന്ന് ഇന്ത്യന്‍ അംബാസിഡര്‍
ദുബൈ: യുഎഇയില്‍ നിന്നും നാട്ടിലേക്ക് അയച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ച സംഭവം വേദനാജനകമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ വെളിപ്പെടുത്തി. കോവിഡ്-19 പോലെയുള്ള പകര്‍ച്ചവ്യാധി രോഗം ബാധിക്കാതെ മരിച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും യുഎഇയിലേക്ക് തിരിച്ചയച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കോറേണ വിഷയവുമായി ബന്ധപ്പെട്ടാണോ മൃതദേഹം തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്നും കോവിഡ് ബാധിച്ച ഒരു മൃതദേഹവും നാട്ടിലേക്ക് അയക്കുന്നില്ലെന്നും സ്ഥാനപതി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണന്നും അദ്ദേഹം അറിയിച്ചു. വിമാനത്തില്‍ നിന്നും ഇറക്കാന്‍ പോലും സമ്മതിക്കാതെ മൃതദേഹങ്ങള്‍ തിരിച്ചയക്കുകയായിരുന്നു. ജഗസീര്‍ സിംങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബുദബിയിലേക്ക് തന്നെ തിരിച്ചയത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും മൃതദേഹങ്ങള്‍ വിമാനത്തില്‍ നിന്നും ഇറക്കാന്‍ പോലും വിസമ്മതിക്കുകയായിരുന്നു. ഈ സംഭവം രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി വരെ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹം അയച്ചത്. ജന്മനാട്ടില്‍ മൃദേഹം സ്വീകരിക്കില്ലെന്ന നിലപാട് പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ”എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു,” ഇതേക്കുറിച്ച പവന്‍ കപൂര്‍ പറഞ്ഞു. ഇന്ത്യയില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ പുതിയ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ് ഇത് സംഭവിച്ചതെന്നാണ് അധികൃതരുടെ ന്യായീകരണം. മൃതദേഹങ്ങള്‍ വിമാനത്തില്‍ നിന്നും ഇറക്കാതെ തിരിച്ചയക്കുകയായിരുന്നു. ബന്ധുക്കള്‍ കരഞ്ഞപേക്ഷിച്ചിട്ടും അധികാരികള്‍ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
അബുദാബിയിലെ മുസഫയിലെ ഇമേജ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജഗ്‌സീര്‍ സിംഗ് (27) ജോലി സ്ഥലത്തുണ്ടായ അപകടത്തിലാണ് മരിച്ചത്. ഏപ്രില്‍ 13 നായിരുന്നു അപകടം. മുസഫയില്‍ തന്നെ സര്‍ദാര്‍ ലൈറ്റിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന സഞ്ജീവ് കുമാര്‍ (38) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഈ യുവാക്കളുടെ മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചത്. രണ്ടുപേരും പഞ്ചാബ് സ്വദേശികളായിരുന്നു. അബുദാബിയിലെ റജബ് കാര്‍ഗോയുടെ മേല്‍നോട്ടത്തില്‍ ഇത്തിഹാദ് വിമാനത്തിലായിരുന്നു മൃതദേഹങ്ങള്‍ അയച്ചത്.