അബുദാബി: അബുദാബി കെഎംസിസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എംഐസി എന്നീ സംഘടനകളുടെ സ്ഥാപക നേതാക്കളിലൊരാളും മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന തിരുവത്ര പി.കെ അബ്ദുല്‍ കരീം ഹാജി (68) നിര്യാതനായി. സംസ്ഥാന കെഎംസിസി പ്രസിഡണ്ട്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, എംഐസി പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ ചാവക്കാട് തിരുവത്ര സ്വദേശിയായ പാലപ്പെട്ടി അബ്ദുല്‍ കരീം ഹാജി നാലു പതിറ്റാണ്ടിലേറെയായി അബുദാബിയിലെ ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്നു. പ്രവര്‍ത്തന രംഗത്തെ നിസ്വാര്‍ത്ഥതയും ചിട്ടയാര്‍ന്ന ജീവിതവും കൊണ്ട് മാതൃകാപരമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.
കറകളഞ്ഞ പൊതുപ്രവര്‍ത്തകനായ കരീം ഹാജി തന്റേതായ പ്രവര്‍ത്തന ശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അദ്ദേഹം, പാണക്കാട് കുടുംബവുമായും സമസ്ത നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മാലിക് ദീനാര്‍ ഇസ്ലാമിക് കോംപ്ളക്സിന്റെ പ്രവര്‍ത്തന പാതയില്‍ അവിസ്മരണീയ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
സുബൈദയാണ് ഭാര്യ. അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മക്കളും മൊയ്തീന്‍കുഞ്ഞി ഹാജി, അബ്ദുല്‍ റസാഖ് എന്നിവര്‍ സഹോദരങ്ങളുമാണ്.
സേവന രംഗത്തെ തീരാനഷ്ടം
പി.കെ അബ്ദുല്‍ കരീം ഹാജിയുടെ വിയോഗം മത-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ തീരാ നഷ്ടമാണെന്ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സംസ്ഥാന കെഎംസിസി, സുന്നി സെന്റര്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 45 വര്‍ഷത്തിലധികമായി ജീവകാരുണ്യ രംഗത്ത് നിറഞ്ഞുനിന്ന കരീം ഹാജിയുടെ വിയോഗം ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്ന് ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജന.സെക്രട്ടറി എം.പി.എം റഷീദ്, കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.