ഡിഎച്ച്എ കോവിഡ് സ്‌ക്രീനിംഗ് കാമ്പയിന്‍ സജീവമാക്കി

ദുബൈ: കോവിഡ് വൈറസ് പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രിവന്റീവ് സ്‌ക്രീനിംഗ് കാമ്പയിനുകള്‍ നടത്തിയതായി ശനിയാഴ്ച പ്രഖ്യാപിച്ചു. സ്‌ക്രീനിംഗ് കാമ്പയിനുകള്‍ നടത്താന്‍ ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, ആംബുലന്‍സ് സര്‍വീസസ് ദുബൈ കോര്‍പ്പറേഷന്‍, മെഡിയര്‍, ആസ്റ്റര്‍, പ്രൈം ഹോസ്പിറ്റലുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളുമായി അതോറിറ്റി പങ്കാളികളായി. വൈറസ് പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അതോറിറ്റിയുടെ പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കാമ്പയിനുകള്‍ ആരംഭിച്ചത്. ഈ മേഖലകളില്‍ സ്‌ക്രീനിംഗ് കാമ്പയിനുകള്‍ നടത്തുന്നത് പോസിറ്റീവ് കേസുകളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും വേഗത്തില്‍ തിരിച്ചറിയാനും ആരോഗ്യമുള്ള ആളുകളില്‍ നിന്ന് വേര്‍പെടുത്താനും ഇതുപകരിക്കും. ആരോഗ്യ സൗകര്യങ്ങളില്‍ നടത്തിയ പരിശോധനകളിലൂടെയും ഓണ്‍-ദി-ഫീല്‍ഡ് സ്‌ക്രീനിംഗ് കാമ്പയിനുകളിലൂടെയും കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഡിഎച്ച്എ തുടരുകയാണ്. വൈറസ് കൈകാര്യം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള പ്രോട്ടോക്കോളുകളെ അടിസ്ഥാനമാക്കി പോസിറ്റീവ് കേസുകള്‍ക്ക് ഗുണനിലവാരമുള്ള സമഗ്ര വൈദ്യ പരിചരണവും അതോറിറ്റി നല്‍കുന്നു.