വിദൂര പഠനവും ജോലിയും സഞ്ചാരത്തിനിടക്കാവരുത്: അബുദാബി പൊലീസ്

അബുദാബി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിദൂര പഠനവും ജോലിയും വാഹനങ്ങളിലെ സഞ്ചാരത്തിനിടക്കാവരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന് അബുദാബി പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പൊതുജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വീട്ടില്‍ തന്നെ തുടരുകയെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, അതൊരിക്കലും വാഹനമോടിക്കുന്നതിനിടയില്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് ഉണര്‍ത്തി. വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ്.
ഇതിലൂടെ ട്രാഫിക് ചുവപ്പു സിഗ്‌നലുകള്‍ മറികടക്കുന്നതുള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകും. നിയമം ലംഘിക്കുന്നവര്‍ക്ക് യാതൊരുവിധ ഇളവും ഉണ്ടാവില്ലെന്നും 800 ദിര്‍ഹം പിഴയും 4 ബ്‌ളാക്ക് പോയിന്റുകളും ഉണ്ടായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.