ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന ദുബൈയിലെ
മനുഷ്യ കാരുണ്യ പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ദുബൈ കെഎംസിസിയും. ദുബൈ ഗവണ്‍മെന്റിന്റെ മീഡിയ ഓഫീസ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന ജീവകാരുണ്യ സംഘടനകളുടെ കൂട്ടത്തില്‍ ദുബൈ കെഎംസിസിയെയും ഉള്‍പ്പെടുത്തിയത് ആധികാരികമായ നേട്ടവും വലിയ അംഗീകാരവുമായിരിക്കുകയാണ്. ദുബൈ കെഎംസിസിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരവുമാണിത്.
ദുബൈ മീഡിയ ഓഫീസിന്റെ ട്വീറ്റില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം:
”മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ചാരിറ്റിബ്ള്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്, ദാര്‍ അല്‍ ബിര്‍ സൊസൈറ്റി, തറാഹും ചാരിറ്റി ഫൗണ്ടേഷന്‍, ബയ്ത് അല്‍ ഖൈര്‍ സൊസൈറ്റി, ദുബൈ ചാരിറ്റി അസോസിയേഷന്‍, ദുബൈ കെഎംസിസി എന്നിങ്ങനെയുള്ള നിരവധി മനുഷ്യ കാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രയത്‌നങ്ങളെ ‘ദി യുവര്‍ സിറ്റി നീഡ്‌സ് യു’ കാമ്പയിന്‍ ഏകീകരിക്കുന്നു”.
കോവിഡ് 19മായി ബന്ധപ്പെട്ട് ഏറെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ആദ്യം മുതല്‍ തന്നെ ദുബൈ കെഎംസിസി നടത്തി വരുന്നത്. വലിയ ശ്രദ്ധയും പ്രശംസയും കെഎംസിസിക്ക് രാജ്യാന്തര തലത്തില്‍ തന്നെ നേടിക്കൊടുത്തു ഇത്തരം പ്രവര്‍ത്തനങ്ങള്‍. അല്‍വര്‍സാനിലെ ഐസൊലേഷന്‍ സെന്റര്‍ സജ്ജീകരിക്കാനും രോഗികള്‍ക്ക് ഭക്ഷണവും മരുന്നും മറ്റടിസ്ഥാന സൗകര്യങ്ങളും എത്തിച്ചു കൊടുക്കാനും വളണ്ടിയറിംഗിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങളിലും ഏറെ സൂക്ഷ്മവും വിപുലവുമായ പ്രവര്‍ത്തനങ്ങളാണ് ദുബൈ കെഎംസിസി നിര്‍വഹിച്ചു വരുന്നത്. ഈ സേവന യത്‌നം സ്വജീവന്‍ പോലും തൃണവത്ഗണിച്ചാണ് ദുബൈ കെഎംസിസി പ്രവര്‍ത്തകര്‍ നിര്‍വഹിച്ചു വരുന്നത്. പ്രവാസി സംഘടനയായാതിനാല്‍ തന്നെ, പ്രവാസികളുടെ ക്ഷേമത്തിന് ഏറ്റവും മികച്ച സംഭാവനകള്‍ നിര്‍വഹിച്ചു വരികയാണ് ദുബൈ കെഎംസിസി. ഈ ദുരിത കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയും വേതനവുമില്ലാതെയും ഭക്ഷണത്തിനും താമസത്തിനും വഴിയില്ലാതെയും കുടുങ്ങിപ്പോയവരും അടിയന്തിരമായി നാട്ടിലെത്തേണ്ടവരുമായ, കോവിഡ് 19 ബാധിതരല്ലാത്ത ജനങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ കേരള ഹൈക്കോടതിയില്‍ കേസ് കൊടുത്തതും ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു.