കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്കും സഹായമെത്തിക്കും
ദുബൈ: വിശുദ്ധ റമദാനില്‍ ദുബൈ കെഎംസിസി പതിനായിരത്തോളം ഭക്ഷണ കിറ്റുകള്‍ അര്‍ഹര്‍ക്ക് എത്തിച്ചു കൊടുക്കും. അല്‍ബറാഹ കെഎംസിസി അങ്കണത്തില്‍ എല്ലാ വര്‍ഷവും വിപുലമായി നടത്താറുള്ള ഇഫ്താര്‍ ടെന്റ് കോവിഡ് 19 മൂലം ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. സുമനസുകളായ വ്യവസായ പ്രമുഖരുടെയും മറ്റും ഉദാര പിന്തുണയിലും സഹായത്തിലുമാണ് ഇഫ്താര്‍ ടെന്റ് നടത്താറുണ്ടായിരുന്നത്. ഇഫ്താര്‍ ടെന്റിന് പകരം ഇത്തവണ റമദാനിലെ 30 ദിവസവും ഉപയോഗിക്കാനാകുന്ന ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകള്‍ കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും താമസ സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇഫ്താര്‍ ടെന്റിനെ പിന്തുണച്ചിരുന്ന വ്യവസായ പ്രമുഖരുടെ സഹകരണത്തില്‍ പതിനായിരത്തോളം ഭക്ഷണ കിറ്റുകള്‍ തയാറാക്കും. ഇത്തവണയും ബന്ധപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബൈ കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം എളേറ്റില്‍, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു. 3,000 ഭക്ഷണ കിറ്റുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
റമദാനില്‍ കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണം എല്ലാ വര്‍ഷവും നടത്താറുണ്ടായിരുന്നു. ഇക്കൊല്ലം കോവിഡ് 19 മൂലം വിഷമസന്ധിയിലായ പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതാണ്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമായ കെഎംസിസി പ്രയാസങ്ങളനുഭവിക്കുന്ന മനുഷ്യരിലേക്ക് കാരുണ്യമെത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. കോവിഡ് 19നെ തുടര്‍ന്ന് പ്രതിസന്ധിയിലായ മനുഷ്യരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി അവരുടെ കണ്ണീരൊപ്പാനും ആശ്രയമാവാനും കെഎംസിസി നിര്‍വഹിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്സീമമാണ്. നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കാനാകുന്നത്. ഗവണ്‍മെന്റ് തലങ്ങളില്‍ നിന്നും ദുബൈ കെഎംസിസിക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ക്കും പിന്തുണക്കും ഈ പ്രവര്‍ത്തനങ്ങള്‍ നിദാനമാകുന്നു.