ക്വാറന്റീനിലുള്ളവര്‍ക്ക് സഹായ ഹസ്തവുമായി ദുബൈ കെഎംസിസി വനിതാ വിംഗ്

ദുബൈ: അല്‍റാസ്, അല്‍ദാഗയ, അയാല്‍ നാസിര്‍ അടങ്ങിയ ദേര നായിഫിലെ ലോക്ക്ഡൗണ്‍ ഏരിയയില്‍ ക്വാറന്റീനിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയും കുടുംബങ്ങള്‍ക്കും ബാച്‌ലര്‍ റൂമുകളിലേക്കും ഭക്ഷണ കിറ്റുകള്‍ നല്‍കിയും ദുബൈ കെഎംസിസി വനിതാ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്.
കെഎംസിസി വളണ്ടിയര്‍ വിഭാഗവുമായി സഹകരിച്ചാണ് വനിതാ വിംഗ് സഹായ ഹസ്തവുമായി രംഗത്തുള്ളത്. ദുബൈ കെഎംസിസി വനിതാ വിംഗ് രക്ഷാധികാരികളായ ഷംസുന്നിസ ഷംസുദ്ദീന്‍, നസീമ അസ്‌ലം എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും 10 ദിവസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റുകളാണ് എത്തിച്ചു നല്‍കിയത്.
ദുബൈ കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് സഫിയ മൊയ്തീന്‍ അര്‍ഹിക്കുന്ന കുടുംബങ്ങളെ കണ്ടെത്തുന്നതിലും കിറ്റുകള്‍ വിതരണം ചെയ്യുന്നതിലും മുഖ്യ പങ്ക് വഹിച്ചു. ഭര്‍ത്താക്കന്മാര്‍ക്ക് കോവിഡ് 19 പോസിറ്റീവായ കേസുകളില്‍ പ്രസ്തുത കുടുംബങ്ങളെ വിളിച്ച് സഹായങ്ങളും കൗണ്‍സലിംഗും വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ നിര്‍വഹിക്കുകയുണ്ടായി. മരുന്നുകള്‍ ആവശ്യമുള്ള സ്ത്രീകള്‍ക്ക് അവ എത്തിച്ചു കൊടുത്തും വനിതാ വിംഗ് മാതൃകയായി. രാജ്യത്ത് വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിക്കിടക്കുന്നതും ഭര്‍ത്താവിന് ജോലിയില്ലാതെ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്നതുമായ കുടുംബങ്ങളെയും കുട്ടികളെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ ലീഗ് പ്രസിഡന്റ് സുഹ്‌റ മമ്പാടിനോടും സെക്രട്ടറി അഡ്വ. പി.കുല്‍സു ടീച്ചറോടും ആവശ്യപ്പെട്ടതായി കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് സഫിയ മൊയ്തീന്‍ അറിയിച്ചു. പ്രസ്തുത വിഷയത്തില്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ക്ക് ഹരജി നല്‍കുമെന്ന് വനിതാ ലീഗ് നേതാക്കള്‍ ഉറപ്പ് നല്‍കുകയും ചെയ്തു.