ദുബൈയില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് 10 മിനിറ്റ് കോവിഡ് പരിശോധന

65

ദുബൈ: വ്യോമയാന ഭീമനായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദുബൈ ഹോം ബേസില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കായി 10 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാവുന്ന കൊറോണ വൈറസ് രക്തപരിശോധന ആരംഭിച്ചു. യുഎഇ എല്ലാ വാണിജ്യ വിമാനങ്ങളും ഇറക്കിയതിനുശേഷം ഈ മാസം ആദ്യം പരിമിതമായ പാസഞ്ചര്‍ വിമാനങ്ങള്‍ പുനരാരംഭിച്ചിരുന്നു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്ക് ഫ്‌ളൈറ്റുകള്‍ തുറന്നിരിക്കുന്നു. എന്നാല്‍ യുഎഇയിലേക്ക് വരുന്ന യാത്രക്കാരെ അനുവദിക്കില്ല. ടുണീഷ്യയിലേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരെ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കോവിഡ്-19 പരിശോധന നടത്തിയതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്കായി ഓണ്‍-സൈറ്റ് ദ്രുത ഗതിയിലുള്ള ടെസ്റ്റുകള്‍ നടത്തുന്ന ആദ്യത്തെ എയര്‍ലൈന്‍ ആണ് എമിറേറ്റ്‌സ്. ചെക്ക്-ഇന്‍ ഏരിയയില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് രക്തപരിശോധന നടത്തിയത്. 10 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ പുറത്തുവരും. ഭാവിയില്‍ പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കാനും മറ്റ് വിമാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഡെല്‍ അല്‍ റെഡ്ഹ പറഞ്ഞു. ഓണ്‍-സൈറ്റ് ടെസ്റ്റുകള്‍ നടത്താനും കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഉടനടി സ്ഥിരീകരണം നല്‍കാനും ഇത് സഹായിക്കും. ഓരോ ഫ്‌ളൈറ്റിനുശേഷവും വിമാനങ്ങള്‍ വൃത്തിയാക്കലും അണുവിമുക്തമാക്കലും ദുബൈയില്‍ നടക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.