ദുബൈ ഗോള്‍ഡ് സൂക്ക് തുറന്നു വിപണി സജീവമാവുന്നു

ദുബൈ: ദുരന്തനിവാരണ മാനേജ്‌മെന്റ് സുപ്രീം സമിതിയുടെ നിര്‍ദേശപ്രകാരം ദേര ഗോള്‍ഡ് സൂക്ക് വീണ്ടും തുറന്നതായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി സെക്ടറിലെ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതല്‍ സൂക്കിനുള്ളിലെ ചില്ലറ വ്യാപാരികള്‍ കുറഞ്ഞ വ്യാപാര സമയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രാവിലെ 11 മുതല്‍ രാത്രി 9 വരെ ചില്ലറ വില്‍പ്പന ശാലകളും മൊത്തവ്യാപാര ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും പ്രവര്‍ത്തിക്കും. തുറക്കുന്നതിന് മുമ്പ് ദുബൈയിലെ അല്‍ റാസ്, നായിഫ്്, ദേര ഗോള്‍ഡ് സൂക്ക്, വ്യക്തിഗത സ്റ്റോറുകള്‍ എന്നിവ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ വിപുലമായ അണുവിമുക്ത പദ്ധതി നടപ്പാക്കിയിരുന്നു. വീണ്ടും തുറക്കാനുള്ള സാഹചര്യമൊരുക്കിയതിന് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല നന്ദി രേഖപ്പെടുത്തി. ഈ രാജ്യത്തെ നേതാക്കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ദുബൈ പൊലീസ്, സിഐഡി, ഞങ്ങളെ ഈ ഘട്ടത്തിലെത്തിക്കാന്‍ അശ്രാന്തമായി പരിശ്രമിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. കോവിഡ് -19 നിയന്ത്രണം ലഘൂകരിക്കുന്നതിനും ഷോപ്പിംഗ് മാളുകള്‍, മാര്‍ക്കറ്റുകള്‍, വാണിജ്യ ഔട്ട്ലെറ്റുകള്‍ എന്നിവ തുറക്കുന്നതിനും സാഹചര്യമൊരുക്കിയിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ സുരക്ഷിതമാക്കുന്നതിനുള്ള ഒരു നല്ല നടപടിയാണിത്. ഒരു വ്യവസായമെന്ന നിലയില്‍ നാമെല്ലാവരും സര്‍ക്കാര്‍ പ്രതീക്ഷകളും ഉപഭോക്തൃ ആത്മവിശ്വാസവും ദുബൈ എക്കണോമി നിര്‍ബന്ധമാക്കിയ റീട്ടെയില്‍ പ്രോട്ടോക്കോള്‍ സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ വിജയകരമായി നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മാളുകള്‍ ഭാഗികമായി തുറക്കുന്നതോടെ സ്വര്‍ണ്ണ, വജ്ര ആഭരണ ഉപഭോക്താക്കള്‍ക്കായി ഒന്നില്‍ കൂടുതല്‍ റീട്ടെയില്‍ പോയിന്റുകള്‍ ഉണ്ട്. മാള്‍ അധിഷ്ഠിത ജ്വല്ലറികളെ പ്രതിനിധീകരിച്ച് ഡിജിജെജിയുടെ ജോയിന്റ് സെക്രട്ടറി അമിത് ധമാനി പറഞ്ഞു-ഞങ്ങളുടെ ഉപഭോക്താക്കളെ തിരികെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഹൈ-സ്ട്രീറ്റ് സ്റ്റോറുകള്‍ക്കൊപ്പം വിവിധ മികച്ച ജ്വല്ലറി ബോട്ടിക്കുകളും വലിയ ജ്വല്ലറി ബ്രാന്‍ഡുകളും ദുബൈ ആസ്ഥാനമായുള്ള മാളുകളിലെ സാന്നിധ്യം നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സുരക്ഷ, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഔട്ട്ലെറ്റുകളിലെ അപകടസാധ്യത കുറയ്ക്കുന്നതിന് എല്ലാ സ്റ്റാഫുകള്‍ക്കും ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ ലഭ്യമാക്കും.