നയതന്ത്ര ഇടപെടല്‍ അനിവാര്യം: ദുബൈ കെഎംസിസി

289

ദുബൈ: യുഎഇയില്‍ പ്രത്യേകിച്ചും, ദുബൈയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുഎഇ ഗവണ്‍മെന്റ് നേതൃത്വത്തില്‍ കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ മികച്ച സഹകരണത്തോടെ നല്ല നിലയില്‍ മുന്നോട്ടു നീങ്ങുകയാണ്. ദുബൈയിലെ അല്‍വര്‍സാനില്‍ നേരത്തെ തയാര്‍ ചെയ്ത 10 ഐസൊലേഷന്‍ ബില്‍ഡിംഗുകള്‍ക്ക് പുറമെ, പത്തണ്ണം കൂടി തയ്യാര്‍ ചെയ്യാന്‍ ദുബൈ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇതിനകം ലഭിച്ചിരിക്കുകയാണ്. ദുബൈ കെഎംസിസിയുടെ 200ലധികം വളണ്ടിയര്‍മാര്‍ അടക്കം നിരവധി പേരുടെ അശ്രാന്ത പരിശ്രമം മൂലം വര്‍സാനില്‍ പുതുതായി തയ്യാറാകുന്ന ഐസൊലേഷന്‍ സെന്റര്‍ നൂറുകണക്കിന് കോറോണ പോസിറ്റീവ് രോഗികള്‍ക്ക് വലിയ അനുഗ്രഹമായിരിക്കും.
ദുബൈ കെഎംസിസി ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ നായിഫിന് പുറമെ, ബര്‍ദുബൈ, റാഷിദിയ്യ, ഖിസൈസ്, സോനാപ്പൂര്‍, അല്‍ഖൂസ്, ജബല്‍ അലി എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിനാളുകള്‍ക്ക് സാന്ത്വനമേകുന്ന പ്രവര്‍ത്തനങ്ങളാണ് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്.
കൊറോണ പോസിറ്റീവ് ആയവരെ വിവിധ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകളിലും എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ആരോഗ്യ വകുപ്പിന്റെയും സ്വകാര്യ ആശുപത്രികളുടെയും സഹായത്തോടെ ആയിരങ്ങള്‍ക്ക് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയും, രണ്ടു നേരം ഭക്ഷണവും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തും, ഡോക്ടര്‍/കൗണ്‍സിലര്‍ സേവനങ്ങള്‍ നല്‍കിയും മരുന്നുകള്‍ വിതരണം ചെയ്തും അസംഖ്യം സേവനങ്ങളാണ് കെഎംസിസി ചെയ്തു കൊണ്ടിരിക്കുന്നത്.
ഇതിനിടയില്‍ എംബസി/കോണ്‍സുലേറ്റ് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രൂപത്തില്‍ ഉപയോഗപ്പെടുത്താനും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗൗരവ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന് നല്‍കിയ വിശദമായ നിവേദനത്തില്‍ ദുബൈ കെഎംസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോറോണ കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഒരു ഉന്നതതല മെഡിക്കല്‍ സംഘത്തെ ദുബൈയിലേക്ക് അയക്കണമെന്നും, രോഗമില്ലാത്ത ആയിരങ്ങള്‍ക്ക് നാടണയാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്നും യുഎഇ സിവില്‍ ഏവിയേഷന്‍ ഇന്ത്യയിലേക്ക് യാത്രാനുമതി നിഷേധിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും, ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
രണ്ടു മില്യനിലധികം ഇന്ത്യക്കാരുള്ള യുഎഇയില്‍ കൊറോണ മൂലം ലോക്ക്ഡൗണ്‍ ആയി റൂമിലിരിക്കേണ്ടി വരുന്ന അനേകായിരങ്ങള്‍ മരുന്നും ഭക്ഷണവും കിട്ടാതെയും റൂം വാടക കൊടുക്കാന്‍ പ്രയാസപ്പെടുകയാണ്.
പലര്‍ക്കും ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിസിറ്റിംഗ് വിസയില്‍ വന്ന് കാലാവധി കഴിഞ്ഞ് നില്‍ക്കുന്നവരുടെ അവസ്ഥയും മറ്റൊന്നല്ല. ഈ സാഹചര്യത്തില്‍, അവരുടെ ദുരിതമകറ്റാന്‍ സമഗ്രമായ സാമ്പത്തിക പാക്കേജ് തയ്യാറാക്കി സഹായിക്കാന്‍ കോണ്‍സുലേറ്റ് മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.
മാത്രവുമല്ല, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം മുന്‍കയ്യെടുത്ത് ദുബൈ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 20 ഐസൊലേഷന്‍/ക്വാറന്‍ടൈന്‍ കേന്ദ്രങ്ങള്‍ തുറക്കണമെന്നും അതു വഴി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വലിയൊരാശ്വാസമാകുമെന്നും ദുബൈ കെഎംസിസി ആവശ്യപ്പെട്ടു.
ഇതുസംബന്ധമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ മീറ്റിംഗില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുസ്തഫ തിരൂര്‍ സ്വഗതം പറഞ്ഞു. പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, പി.വി റഈസ്, മുഹമ്മദ് പട്ടാമ്പി, ഒ.മൊയ്തു, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, മജീദ് മടക്കിമല, കെ.പി.എ സലാം, ഫാറൂഖ് പട്ടിക്കര, ഷുക്കൂര്‍ ഏറണാകുളം, ഹസ്സന്‍ ചാലില്‍ പങ്കെടുത്തു. ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി നന്ദി പറഞ്ഞു.