ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ഫീല്‍ഡ് ആസ്പത്രി തുറന്നു

15
1. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച ഫീല്‍ഡ് ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുന്നു. 2. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സജ്ജമായ ഫീല്‍ഡ് ഹോസ്പിറ്റല്‍

ശൈഖ് ഹംദാന്‍ നേരിട്ടെത്തി സംവിധാനങ്ങള്‍ വിലയിരുത്തി; മുവായിരത്തിലധികം കിടക്കകള്‍

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ തുറന്നു. ഫീല്‍ഡ് ഹോസ്പിറ്റലില്‍ പര്യടനം നടത്തുമ്പോള്‍ മുഖംമൂടിയും കയ്യുറകളും ധരിക്കുന്നത് പോലുള്ള മുന്‍കരുതലുകള്‍ ശൈഖ് ഹംദാന്‍ പാലിക്കുന്നതായി ദുബൈ സര്‍ക്കാര്‍ മീഡിയ ഓഫീസ് വ്യക്തമാക്കി.
ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഫോട്ടോകളുടെ ഒരു പരമ്പര ഇത് വെളിപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ മൂവായിരത്തിലധികം കോവിഡ് -19 രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള ഒരു വലിയ ഫീല്‍ഡ് ആശുപത്രിയായി മാറ്റിയിരുന്നു. ഒരു വലിയ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വലിപ്പവും വ്യാപാര കേന്ദ്രത്തിലുണ്ടെന്ന് മീഡിയ ഓഫീസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ദുബൈ ഹെല്‍ത്ത് അതോറിറ്റി മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച് ശേഷി വര്‍ദ്ധിപ്പിക്കേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഡിഎച്ച്എ, കോവിഡ് -19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ദുബൈ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ സുപ്രീം കമ്മിറ്റി എന്നിവയുടെ കീഴിലാണ് താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തിക്കുക. ഫീല്‍ഡ് ഹോസ്പിറ്റല്‍ വിപുലീകരിച്ച് 3,030 കിടക്കകള്‍ വരെ നല്‍കാമെന്ന് ഡിഎച്ച്എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ മികച്ച പരിശീലനം ലഭിച്ച മെഡിക്കല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന ഈ ആശുപത്രി കോവിഡ് പശ്ചാത്തലത്തില്‍ ദുബൈയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കും.