ഓണ്‍ലൈന്‍ മദ്രസയുമായി ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

ദുബൈ: കോവിഡ് 19 സുരക്ഷയുടെ ഭാഗമായി യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ നൂതന സംവിധാനങ്ങളുപയോഗിച്ച് മുഴുവന്‍ പഠന പദ്ധതികളും തുടരാന്‍ ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ തീരുമാനിച്ചു. മാര്‍ച്ച് മുതല്‍ തന്നെ മദ്രസയിലെ കെജി മുതല്‍ ടീനേജ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഇലേണിംഗ് മുഖേന പഠനം തുടരുന്നു. ഖുര്‍ആന്‍, ഹിഫ്ദ്, അറബി, ഫിഖ്ഹ്, ചരിത്രം, തുടങ്ങി എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ മൊഡ്യൂള്‍ തയ്യാറാക്കിയത്. ക്‌ളാസ് ക്രമത്തില്‍ വ്യത്യസ്ത വാട്‌സാപ്പ് ഗ്രൂപ്പുകളും ഇമെയില്‍, വീഡിയോ ആപ്പുകളും ഉപയോഗിച്ചാണ് പഠനം. അതത് ക്‌ളാസുകളിലെ അധ്യാപകര്‍ ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിന് പുറമെ, പവര്‍ പോയിന്റ് വീഡിയോകള്‍, നോട്‌സ്, വോയ്‌സ് റെക്കോര്‍ഡ്‌സ് എന്നിവയെല്ലാം ഇലേണിംഗിന് ഉപയോഗിക്കുന്നു. ഓരോ യൂണിറ്റിന് ശേഷവും ഗൂഗിള്‍ ഹോം വഴി പരീക്ഷ നടത്തും. ക്‌ളാസിനിടക്ക് സംശയങ്ങള്‍ ദൂരീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചാറ്റ് ബോക്‌സിലൂടെയും വാട്‌സാപ്പ് വഴിയും സൗകര്യമുണ്ട്. പഠന പ്രവര്‍ത്തനങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തും അസൈന്‍മെന്റ് പ്രൊജക്ടുകള്‍ ഫോട്ടോ അയച്ചു തന്നും രക്ഷിതാക്കളും കുട്ടികളും പൂര്‍ണമായും സഹകരിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്കുള്ള ക്‌ളാസുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.